എന്‍റെ കൂട്ടുകാര്‍

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, April 14, 2017

രണ്ടു കുട്ടികള്‍


കാറ്റ്
നട്ടുച്ചയ്ക്ക്
നരിമാന്‍പോയന്റിലെ
കടല്‍ഭിത്തിയിലിരിക്കുന്നവരുടെ
മുഖത്ത് കൊഴുത്ത
ഉപ്പുതേച്ചു

വെയില്‍
പോണപോക്കില്‍
കെമിക്കല്‍ ഫാക്ടറിക്കു
തീകൊടുത്തു

സമുദ്രത്തില്‍ നിന്ന്
വെള്ളമെടുക്കാന്‍
വന്നതായിരുന്നു അവര്‍.
ഹാജി അലിയിലേക്കുള്ള
കടല്‍വരമ്പില്‍
നട്ടുച്ചവിരിച്ച്
അല്‍പ്പനേരം രണ്ടുപേരും
തളര്‍ന്നുറങ്ങി...
ഒപ്പം
പിച്ചക്കാരികള്‍
വഴിയോരത്തിട്ട
കണ്ണുപൊട്ടിയ,
മുഷിഞ്ഞമുഖമുള്ള
കുട്ടികളും.

അന്നും
ഒരച്ഛന്‍
കുട്ടികളെത്തിരഞ്ഞ്
ചോരകല്ലിച്ച മുഖവുമായി
അന്തര്‍ധാനം ചെയ്തു.

Monday, March 20, 2017

അസാധു


വാക്കുകളൊക്കെ
അസാധുവായ ദിവസം
ഞങ്ങള്‍ ആത്മഹത്യാ മുനമ്പിലേക്ക് നടന്നു.
മരിച്ചുപോയ പ്രണയത്തിന്
ഉടലുകൊണ്ട്
റീത്തു വെയ്ക്കാനിറങ്ങിയതാണെന്ന്
അന്നൊരു തമാശ പറഞ്ഞു.
പക്ഷെ,
നമ്മള്‍ എന്നേ മരിച്ചവരെന്ന
തിരിച്ചറിവില്‍
ജീവിക്കാന്‍തന്നെ
തീരുമാനിക്കുകയായിരുന്നു.
അന്നുമുതല്‍ അസാധുവായ
വാക്കുകള്‍ ഞങ്ങള്‍ക്കു സാധുവായി.

ജ്ഞാനോദയം


ഞാനിതേവരെ
നേരില്‍ കണ്ടിട്ടില്ല.....
ഇത്രകാലം
ചക്രംചവിട്ടി,
ഓരോ ഉഷ്ണരാശിയിലും,
ചോരതളിച്ചെന്നെ നട്ടുവളര്‍ത്തിയ
സ്വന്തം ഹൃദയത്തെ.
തൊട്ടുപോലും നോക്കീട്ടില്ല..
എന്റെ വൃത്തികേടുകള്‍
പൊറുത്തു തള്ളുന്ന കരളിനെ
കാണാനൊത്തിട്ടില്ല
നേരാ നേരങ്ങളില്‍
കനലുവേവിക്കുന്ന
ഉദരനെരിപ്പോടിനെ....
ഉരിള പിടിച്ചിട്ടില്ല
വിസ്‌ഫോടനങ്ങളുടെ
അണുക്കള്‍ നുരയ്ക്കുന്ന
തലയോട്ടിക്കുള്ളിലെ
ഒരുപിടിച്ചോറിനെ.
എനിക്കറിയില്ലയെന്നെ...
എന്നുറക്കെ കരഞ്ഞുകൊണ്ട്
ഒരു തുടം വിഷം കുടിച്ചിന്നലെ
ലഹരിയിലുറങ്ങിപ്പോയ്.
പകല്‍, ഛര്‍ദ്ദിയില്‍ മയങ്ങിപ്പോയ്
കണ്ണുതുറക്കവെ
അവള്‍ നിന്നു ജ്വലിക്കുന്നു.
മതി നിങ്ങളിനിയിതു മതിയാക്കിയില്ലെങ്കില്‍
ഞാനുമെന്റെ മോനും.....
എന്ന് അടഞ്ഞുപോയൊരൊച്ചയില്‍;
മുന്നില്‍ മുടിയഴിച്ചുഗ്രയായ് നില്‍ക്കവെ
അവളില്‍ഞാനെന്റെ വിശ്വരൂപം
കണ്ടമ്പരന്നുപോയ്.....
ദൈവമേ... ഇതാ...
എന്റെ ചോരതളിക്കുന്ന യന്ത്രം
എല്ലാം പൊറുക്കും കരള്‍...
മസ്തകത്തില്‍ കണ്ണീര്‍പാറ്റി നില്‍ക്കുന്നു
രണ്ടു സൂര്യക്കണ്ണുകള്‍!!!
കണ്ടു ഞാന്‍... നിന്നെ...
നീയെന്ന എന്നെ...

Sunday, April 17, 2016

ദൈവത്തിന്റെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം

കാക്കകളുടെ
ആല്‍മരത്തിലേക്ക്,
മയങ്ങിക്കിടക്കുന്ന കുളത്തിലേക്ക്,
ജനല്‍ ചില്ലിലേക്ക്,
പെട്ടെന്നൊരു
കല്ല്!

അച്ചനുമമ്മയും കുഞ്ഞും
ചെറുവണ്ടുപോലുള്ളകാറില്‍,
ഹെയര്‍പിന്‍ വളവു തിരിയവെ,
പെട്ടെന്നൊരു
ടിപ്പര്‍ ലോറി!

ഉച്ചയ്ക്കുറങ്ങവെ
പെട്ടെന്നൊരു
ഭൂമി കുലുക്കം!

ഹോ.. ഇങ്ങിനെ
എന്തെല്ലാം ആകസ്മികതകള്‍!

പക്ഷെ
അന്നൊരു ദിവസം
ഒരാകസ്മികതയുടെ
കഴുത്തിലേക്ക്
ഞാന്‍ വളരെ ശാന്തമായി
നിറയൊഴിച്ചു.
ഓരോ ഉണ്ടയും സാവധാനം
അതിന്റെ നീല ഞരമ്പിലേക്ക്
പെയ്തുതോര്‍ന്നപ്പോള്‍
അതു വറ്റിവരണ്ട്
സമാധിയായി!!!

അതില്‍പിന്നെയും
ചില ആകസ്മികതകള്‍
വന്നുംപോയുംമിരുന്നു....

ചില മലകളോടൊപ്പം ധ്യാനംകൂടുകയായിരുന്ന
കന്മദം കിനിയുന്നൊരു സന്ധ്യയില്‍
ആകസ്മികമെന്ന ഭാവത്തില്‍
ദൈവം പെട്ടെന്നു പ്രത്യക്ഷപ്പെട്ടു
വെളുക്കനെ ചിരിച്ചു.

സത്യം...
എനിക്ക് പ്രത്യേകിച്ചൊന്നും
തോന്നിയില്ല.

പക്ഷെ
ദൈവത്തിന് അതു വളരെ
ആകസ്മികമായനുഭവപ്പെട്ടെന്ന്
അദ്ദേഹം പിന്നീട്
എന്നോടു പറഞ്ഞു.

അങ്ങിനെ ചില ആകസ്മികതകള്‍
ആകസ്മികമായി അവസാനിക്കുന്നു.

Monday, December 15, 2014

പന്ത്രണ്ടു നിലകളുള്ള ഒരു മരം വായനക്കാരുടെ കൈകളിലേക്ക്


പ്രീയപ്പെട്ട ബൂലോകരേ,
എന്റെ സര്‍ഗ്ഗാത്മക ജീവിതത്തില്‍ ബ്ലോഗുകള്‍ ഒരു വലിയ ആശ്വാസമായിരുന്നു. എഴുത്തിന്റെ ആറാമിന്ദ്രിയങ്ങള്‍ എന്നെ അസ്വസ്ഥമാക്കുന്ന വേളകളില്‍, ഗ്രഹണനേരങ്ങളില്‍ വിഷസര്‍പ്പങ്ങളില്‍ പൂക്കുന്ന ഉന്മാദം പോലെ മനസ്സില്‍ കവിതപൂക്കുന്ന നേരങ്ങളില്‍, വാക്കുകളെ വിരേചിക്കാനും അതിലൂടെ സര്‍ഗ്ഗോന്മാദത്തിന്റെ അവാച്യമായ അനുഭൂതിയിലൂടെ സ്വയം മറക്കാനും ബ്ലോഗുകള്‍ എനിക്ക് ആവശ്യമായി വന്നിരുന്നു.


പലപ്പോഴും ജീവിതം അധര്‍മ്മത്തിന്റെ കോയ്മരങ്ങള്‍ക്കെതരെ പല്ലുഞെരിച്ച് രക്തസമ്മര്‍ദ്ധത്തില്‍ തലകറങ്ങി മരിക്കാറാകുമ്പോള്‍ കവിതകള്‍കൊണ്ട് ബ്ലോഗുകളിലൂടെ പലപ്പോഴും ഞാന്‍ നടത്തിക്കൊണ്ടിരുന്ന ഗറില്ലാ യുദ്ധങ്ങള്‍ എനിക്ക് വലിയൊരു ആശ്വാസമാണ് പകര്‍ന്നു തന്നത്.

ബ്ലോഗിലും, ഇതര മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട, കഴിഞ്ഞ ഇരുപതു വര്‍ഷക്കാലത്തെ എന്റെ 34 കവിതകള്‍ ഒരു പുസ്തകമായി നിങ്ങളുടെ മുന്‍പില്‍ 'പന്ത്രണ്ടു നിലകളുള്ള ഒരു മരം' എന്ന പേരില്‍ എത്തുകയാണ്. ഡിസംബര്‍ 9 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ബഹു. മുന്‍ വനം മന്ത്രിയും എഴുത്തുകാരനുമായ ശ്രീ ബിനോയ് വിശ്വമാണ് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. എഴുത്തുകാരി രാധിക സി. നായര്‍ പുസ്തകം ഏറ്റുവാങ്ങുകയും, എന്റെ പ്രീയ സുഹൃത്ത് കവി മനോജ് മേനോന്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സമുന്നത നേതാവും കവിയുമായ ശ്രീ വിനോദ് വൈശാഖിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കവി മുരുകന്‍ കാട്ടാക്കട, കവയത്രി സരിതാ വര്‍മ്മ, ഡോ. മീന ടി. പിള്ള, കവി കണ്ണന്‍ തട്ടയില്‍, കവി അനന്തഗോപന്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ വിനോദ് വെള്ളായനി, ഡി. യേശുദാസ്, കലാദേവി എന്നിവര്‍ അവരവരുടെ കവിതകള്‍ ആലപിച്ച് ചടങ്ങിനെ ധന്യമാക്കി.

പുസ്തക പ്രസാധന രംഗത്ത് ഒരു നവോദ്ധാനത്തിന് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം അക്ഷര സ്‌നേഹികള്‍ തുടക്കം കുറിച്ച 'തിരുവനന്തപുരം ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക' യാണ് എന്റെ പ്രഥമ കവിതാ സമാഹരത്തിന്റെ പ്രസാധന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്.

'ഇനി നിന്‍ ജീവിതം നിന്‍കാര്യം മാത്രം' എന്ന് തള്ളക്കോഴി, തന്റെ കുഞ്ഞുങ്ങളെ കൊത്തിയാട്ടുന്ന പോല്‍ എന്റെ കവിതകളെ ഞാന്‍ എന്നില്‍ നിന്ന് കൊത്തിയാട്ടുന്ന ചടങ്ങ് കഴിഞ്ഞിരിക്കുന്നു.
ഇനി എന്റെ കാവ്യക്കുഞ്ഞുങ്ങള്‍ക്ക് അക്ഷര സ്‌നേഹികളായ വായനക്കാര്‍തന്നെ തുണ.

എന്റെ പ്രിയ സുഹൃത്തുക്കള്‍ പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി വായിക്കുകയും അഭിപ്രായങ്ങള്‍ എന്നെ എഴുതി അറിയിക്കുകയും വേണം.

പുസ്തകം വി.പി.പി. ആയി ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസം ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പുസ്തകം വിപിപി ആയി ലഭിക്കുന്നതിന് ഇവിടെ വിലാസം റജിസ്റ്റര്‍ ചെയ്യുക>>>



സസ്‌നേഹം
സന്തോഷ് പല്ലശ്ശന
09920410030

Tuesday, September 2, 2014

പൊളിച്ചെഴുത്ത്

കണ്ണുകളെ ദൈവം
മുഖത്ത് പ്രതിഷ്ടിച്ചത്
ശരിയായില്ല.
ലക്കും ലഗാനുവമില്ലാത്ത
കാഴ്ച്ചകളുടെ വഴിയില്‍
അത് ചിതറിപ്പോയാലോ....

ഒട്ടും ഉത്തരവാദിത്തമില്ലാതെ
ഹൃദയമിങ്ങിനെ നെഞ്ചത്ത് വെച്ചത്
അന്യായമായിപ്പോയി.
അവളുടെ മുലകളൊന്നു
തൊട്ടപ്പൊഴെ കിതച്ചുപോകുന്നു.

ചുണ്ടുകള്‍ വായുടെ
ഇരുകരയായത് തെറ്റായിപ്പോയി.
വയറ്റില്‍ ദഹിക്കാതെ കിടക്കുന്ന
സത്യങ്ങളുടെ ചുഴലിയില്‍
ഓരോ ചുംബനങ്ങളും
വിരിയുന്നതിനുമുന്നെ
പറന്നുപോകുന്നു.

പുകക്കുഴല്‍ മുകളിലോട്ടല്ലെ വേണ്ടത്?
മൂക്കില്‍ നിന്ന് പുറംന്തള്ളുന്ന ചുടുകാറ്റ്
അവളുടെ കവിളു പൊള്ളിക്കുന്നു.

ഇരുവശങ്ങളിലീ ചെവികളെന്തിന്.
ശബ്ദങ്ങള്‍ വന്നപാടെ മരിച്ചുവീഴുന്നു.
ശവംപോലും വീണ്ടെടുക്കാനാവാതെ
ഏങ്കോണിച്ചൊരാഴം.

തല കഴുത്തില്‍ ഉറപ്പിച്ചത്
മാഹാ വിഢിത്തം!
വെറുക്കപ്പെട്ട കൊടിപോലെ
വീശിയടിക്കാത്ത കാറ്റിലും
നിന്നു തിളക്കുന്നു.

രേതസ്സിനും മൂത്രത്തിനും ഒരേ കുഴലോ..!!!
എന്തൊരനീതി.
പ്രണയത്തിന്റെ പോക്കുവരവുകളെ
ഉദ്ധരിച്ചൊരു തെറിയാക്കി മാറ്റിയത്
ഈ ലിംഗമാണ്.

അനര്‍ത്ഥം....
സര്‍വ്വത്ര അനര്‍ത്ഥം!....

ദൈവം തന്റെ സൃഷ്ടിയെ
പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു.

പ്രവാസി ശബ്ദം ഓണപ്പതിപ്പ 2014
 

Friday, December 13, 2013

ഓക്‌സി റിച്ച്

അവള്‍ സുന്ദരിക്കോതയാണ്
എന്നാലും എന്നെപ്പോലെതന്നെ;
ശ്വസിക്കുന്നത് ഓക്‌സിജനും
പുറത്ത് വിടുന്നത്
കാര്‍ബണ്‍ ഡയോക്‌സൈഡും.

കാര്‍ബണ്‍ ശ്വസിച്ച്
ഓക്‌സിജന്‍ പുറത്തുവിട്ടിരുന്നേല്‍
ചന്തമിത്തിരി കുറഞ്ഞാലും വേണ്ടില്ല
അവളെ ഞാന്‍ കെട്ടിയേനെ.

കുടുംബാന്തരീക്ഷം
മലിനമാകരുതല്ലൊ....

എനിക്കിത്തിരി
നല്ല ശ്വാസംതിന്നു ജീവിക്കണമല്ലോ...

Thursday, May 23, 2013

ജീര്‍ണ്ണ സന്യാസികള്‍

ട്രാക്കില്‍ നിന്ന്
ഉടല്‍പ്പൊളികള്‍
പെറുക്കിക്കൂട്ടുന്നവനോട്
മരിച്ചവനേ....നിങ്ങള്‍
നമസ്‌ക്കരിക്കണം.

അറ്റതല വേറെ.
തുടയ്ക്കുതാഴെ
കഷ്ണിച്ച കാലുകള്‍ വെവ്വേറെ.
ചക്രങ്ങളീര്‍ച്ചിച്ചുകൂട്ടിയ
ചോര, മാംസ്യപ്പൂക്കള്‍,
തലയും കാലുമില്ലാതെ
വെട്ടിയിട്ട തെങ്ങുതടിപോലെ
തൊലിയുരിഞ്ഞെല്ലുവെളിവായ
നിന്റെയസ്തികൂടാരം,
ഓരോന്നോരാന്നായി
പെറുക്കിയെടുക്കുമ്പോള്‍
നോക്കിനില്‍ക്കുന്നവര്‍
കൈയ്യിലെ ഒറ്റക്കണ്ണുകള്‍ മിന്നിക്കുന്നു.
ചിലര്‍ രണ്ടുകണ്ണും പൊത്തുന്നു.
ചിലര്‍ തലചുറ്റി വീഴുന്നു .

ചോരയിലുച്ചവെയില്‍മൂത്തു പൊള്ളിയ
ഉടല്‍പ്പൊളി പെറുക്കുന്നവനേ....
ചോരകണ്ട് നിന്റയറപ്പുമാറണേ...

വാറ്റ് ചാരായമൊഴിച്ച്
പണ്ട് കുടിച്ച
മുലപ്പാലിന്റെയോര്‍മ്മകള്‍ക്ക്
തീകൊടുക്കണേ...

തമ്പാക്കില്‍ ചുണ്ണാമ്പുകൂട്ടി
നാവഴുകിയ വായില്‍ നിന്ന്
ചുടലയുടെ ചുടുകാറ്റു പൊന്തണേ...

പുണ്ണുപൊത്തിയ യോനികള്‍ തുരന്ന്
മുള്ളുകൊള്ളാതെ നീ നിന്റെ രേതസ്സൊടുക്കണേ..

ജീര്‍ണ്ണതകളെ
പ്രകീര്‍ണ്ണനം ചെയ്ത്
ഒരോന്നിലും മുങ്ങി
ഉടലും മനസ്സും ജീര്‍ണ്ണ ശവമാക്കി
ധ്യാനിച്ചു പഠിക്കണേ...

വീണ്ടുവിചാരമില്ലാതെ
ലോകത്തിന്നീര്‍ച്ചവേഗങ്ങളില്‍
വീണു ചിതറി മരിച്ചവരേ....
മരിക്കുന്നവരേ....
മരിക്കാനിരിക്കുന്നവരെ....
നിങ്ങളെ പെറുക്കിയെടുക്കുവാന്‍
വരുന്നു
നാനാ 'ചേരി' യില്‍ നിന്നിതാ
ജീര്‍ണ്ണ സന്യാസികള്‍.

Thursday, May 16, 2013

മീംമ്മുള്ള്

മീന്തിന്നുമ്പൊ
മീംമ്മുള്ളും തിന്നണം.
തിന്ന് നോക്ക്...
നല്ല സ്വാദാണ്...

തൊണ്ണേല് കൊള്ളാണ്ട്
തൊണ്ടേല് തറയാണ്ട്
മുള്ളായ മുള്ളോരോന്ന്
പല്ലോണ്ട് നറും നുറാന്ന്
ചവച്ച്.....പൊടിച്ച്
മഌര്‍ര്‍...ന്ന് വിഴുങ്ങണം

അതോടെ തീരും
കടലിന്റെ,
കുടുങ്ങിക്കിടന്ന വലക്കടെ,
മീംമ്മാര്‍ക്കറ്റിന്റെ,
മ്മ്‌ടെ ചട്ടീല് വേവേറ്റ് കെടക്കുമ്പഴും
മ്മ്‌ടെനേരെ നീട്ടിയ
അവള്‌ടെ
ഒടുക്കത്തെ
മീംമ്മുള്ളിന്റെ,
മീന്‍വാണിഭ കഥ.



(പ്രവാസി ശബ്ദം വിഷുപതിപ്പ് 2013)

Monday, November 26, 2012

ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി

സീന്‍ ഒന്ന് :
ബസ് വന്നു നിന്നു
ഒരു പതിനേഴുകാരി മാത്രം ഇറങ്ങി.
സ്റ്റോപ്പിലുണ്ടായിരുന്ന എല്ലാവരും കയറി.
ബസ് പോയി...

പെട്ടെന്ന്
വഴിവിളക്കുകള്‍ ഒരുമിച്ചു കെടുന്നു.
ഇരുളുറ ധരിച്ചൊരു രാത്രി
താഴ്‌വരയില്‍ വന്ന് നിറയുന്നു...
കൈതത്തോട്ടത്തിനരികിലെ
വയല്‍വെള്ളത്തില്‍ നിലാവിന്റെ
നേര്‍ത്ത ചില്ലുകള്‍ മിന്നുന്നു.....
ചീവീടുകളുടെ ഈര്‍ച്ചപ്പെരുക്കം...

കറന്റുവന്നു...

നാട്ടു കവലയില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന
രാത്രിയിലേക്ക്
ഒറ്റയ്ക്ക് ബിസ്സിറങ്ങിയ
പാവം പൊട്ടിപ്പെണ്ണെന്ന് കളിപറഞ്ഞ്....
വഴിവിളക്കുകള്‍
ഇപ്പോള്‍ വീണ്ടും കത്തുന്നു.

കട്ട്...!!

വഴിവിളക്കുകള്‍ ഒരുമിച്ചുകെട്ടതും
ഒരു പെണ്‍നിലവിളി
നിങ്ങള്‍ കേട്ടുവൊ...?
ഇതെവിടെനിന്നുവന്നുവെന്ന്
അവളും ഞാനും ഒരുമിച്ചിരുന്നു ചിന്തിച്ചു...

നാട്ടില്‍ രാത്രി കറന്റുപോകുന്നത്
പുതിയ വല്ല സംഭവവുമാണൊ ?
ഇതുവരെ ആരും മുറിക്കാത്ത,
പൊക്കിള്‍ക്കൊടിയായിരുന്നല്ലൊ
ഇവള്‍ക്കീ നാട്ടുവഴി....!!

പതിനേഴുകാരി ബസ്സിറങ്ങിയതിലേക്ക്
നീ നിന്റെ പേനയെ ഉദ്ധരിച്ചുകേറ്റല്ലെയെന്ന്
കളിപറഞ്ഞു ചിരിച്ചുകൊണ്ട്
അന്ന് രാത്രി
വീട്ടിലേക്കവള്‍
ഇരുട്ടുവകഞ്ഞ്, വയല്‍കടന്ന്
ഒറ്റക്ക് നടന്നുപോയി.

Monday, October 15, 2012

ഉടലഴിക്കുന്ന മരങ്ങളും പാമ്പുകളും

കണ്ടു പഠിക്കണം
ഇലപൊഴിക്കുന്ന മരങ്ങളെ
ഉറയൂരിപ്പോകുന്ന പാമ്പുകളെ.

എത്ര മധുരമായ്, നിശ്ശബ്ദമായ്
ഗഹനമായാണവ
നരച്ചൊരാഖ്യാനങ്ങള്‍ തന്നലുക്കഴിപ്പത്.

തുളവീണുപോകും
നിന്‍ (എന്‍) തണല്‍
ഓരിലയീരില പൊഴിച്ച്
മരമേ... നീയൊരു ഋതുവരയ്ക്കുമ്പോള്‍.

കുട്ടികള്‍ മണ്ണുനിറച്ചു കളിക്കും
പാമ്പിന്നുറകളില്‍, എങ്കിലും
കിനാവിലേക്കിഴഞ്ഞെത്തുന്നു 
പുതിയ പേടികള്‍
വിഷം തേച്ച വാക്കുകള്‍!!

മരങ്ങളേ... ഇഴയും പാമ്പുകളേ...
എനിക്കുമുണ്ട് കൊതി
ഇത്രമേല്‍ മധുരമായ്, നിശബ്ദമായ്,
ഗഹനമായൊരു ഋതുവരക്കുവാന്‍.

കണ്ടുവൊ
ജര
നര
എന്നോ കുടിച്ചു വറ്റിച്ച നഗ്‌നത
ജന്മനേ പൂവിട്ട വൃദ്ധരേണുക്കള്‍..

പറയൂ...

പൊഴിയുമൊ എന്റെയില?
അഴിയുമൊ എന്റെയുറ?
ഞാന്‍ നീര്‍ത്തും പേടി
നീണ്ടുനീണ്ടിഴഞ്ഞൊഴുകുമോ.....

Monday, July 23, 2012

അമ്മവെയില്‍

നട്ടുച്ചയില്‍
വീട് ധ്യാനമൂര്‍ച്ചയില്‍ നില്‍ക്കും.
പണ്ടേ പഠിപ്പു കഴിഞ്ഞ
തൊടിയിലെ മരങ്ങളും പക്ഷികളും
സമാവര്‍ത്തനം ചെയ്യും.

ഒറ്റതിരിഞ്ഞൊരുവേട്ടാളന്‍
തമ്പുരുമീട്ടി മുളിപ്പറന്നുപോകും..
മുറ്റത്തെ മാവില്‍ നിന്ന് വല്ലപ്പോഴും
ഒന്നോരണ്ടൊ ഇലകള്‍ മൗനമിരന്നുവാങ്ങും....
അണ്ണാറക്കണ്ണന്മാര്‍
''കീ..കീ..'' എന്നോരേവാക്ക് പലവട്ടം
മൗനത്തിലോടിവരച്ചുപോകും.

അപ്പോള്‍ മുറ്റത്ത്
പുല്‍പ്പായയില്‍ നിരത്തിയിട്ട
പഴമുളകില്‍ ആത്മജ്ഞാനത്തിന്റെ
എരികൂടിക്കൂടി വരും...

കൊപ്രയില്‍ അറിവിന്നെണ്ണ കിനിയും

തിളച്ചുമറിയുന്ന പരുക്കന്‍ ജീവിതത്തിലേക്ക്
'കൊണ്ടാട്ടം' ചടുലമായുടല്‍ ചുരുക്കും.

വെയില്‍ വീഴുമ്പോള്‍
വിരിച്ച പുല്‍പ്പായകള്‍
ഒതുക്കിക്കൂട്ടി തീയിട്ടുമുപ്പിച്ച കറുത്ത
മണ്‍പാത്രങ്ങളിലേക്ക്
വെയില്‍വറവുകള്‍
അമ്മ വാരിയെടുക്കും.....

പിന്നെ മുളക് എരിവാകും,
കൊപ്ര എണ്ണയാകും
കൊണ്ടാട്ടം 'വറ്റലാകും'

അടുത്ത ധ്യാനയോഗത്തിന്
അമ്മ വീണ്ടും മുളക് പറിച്ച്
നാളികേരമുടച്ച്
കൊണ്ടാട്ടം കുഴച്ച്
മുറ്റത്തേക്ക് വരുമ്പോള്‍
കാഷായം പുതച്ചൊരു വെയില്‍
ഒരു യോഗിച്ചിരിയുമായി വന്നുനില്‍പ്പുണ്ടാകും.

എരിയും എണ്ണയും വറ്റലുമായി
ഞാന്‍ നേത്രാവതി കടക്കുമ്പോള്‍
വീട് അമ്മയ്‌ക്കൊപ്പം
മഞ്ഞ് വെയിലത്തിട്ട്,
മഴപാകി, വെയില്‍തൂത്ത്,
നിലാവിളക്ക് തെളിച്ച്,
എന്റെ ഗര്‍ഭത്തിലുദിച്ച
കുഞ്ഞുസൂര്യനെ കാക്കണേയെന്ന്‌
ഓരോ ശ്വാസത്തിനേയും
വൈകുണ്ഡത്തിലേക്ക് പറഞ്ഞയക്കും...

Tuesday, July 17, 2012

രാത്രിമഴ

ദൈവമേ.... സത്യംപറയൂ...

നീ പോലും കണ്ടിട്ടുണ്ടാവില്ല
കന്യാവനങ്ങള്‍...

ആര്‍ത്തവം നിലച്ച കാടുകളെ നോക്കി
തോന്നുമ്പൊ തോന്നുമ്പൊ
പൊരിവെയിലായി പെരുമഴയായി
ഇടിയായി മിന്നലായി
നീയിങ്ങിനെ വായിട്ടലയ്ക്കുന്നത്
ആര്‍ക്കുവേണ്ടിയാണ്.

എനിക്കിതേയവസ്ഥയില്‍
പണ്ട് ഭ്രാന്തുവന്നിരുന്നു..

പോരുന്നൊ എന്റെകൂടെ
ഒരു കമ്പനിക്ക്...

ദൂരെ ഹെയര്‍പിന്‍
വളവുകള്‍ക്കപ്പുറം
മേല്‍ച്ചുണ്ടിന് മേലെ
പ്ലക്ക് ചെയ്യാതെ വിട്ട
രോമംപോലെ...
എന്റെ ചുംമ്പനംകൊണ്ട്
നനഞ്ഞൊരു കാടുനില്‍പ്പുണ്ട്...
റോഡില്‍ ചുള്ളികൊഴിച്ചുകളിക്കാതെ
കാറ്റുംമഴയും മതിയാക്കി
വാ.. വന്ന് വണ്ടിയില്‍ കേറ്...

Tuesday, June 19, 2012

പുകയില്ലാത്ത അടുപ്പുകള്‍

വീട്
നേരം വെളുക്കുമ്പത്തൊട്ടന്തിയാവോളം
പലകുറിയിങ്ങനെ
പുകയൂതി... പുകുയൂതി... നിന്നു.

തൊടിയിലെ മുരിങ്ങക്കൊമ്പില്‍,
ശീമക്കൊന്നപ്പൂക്കളില്‍,
അരോടൊ മുഖമിരുണ്ടങ്ങനെ
അടക്കിപ്പിടിച്ചൊരു കരച്ചില്‍പോലെ..
ആരെയൊ വിട്ടുപോകാനോരാതെ
നിന്നു കരയുംമ്പോലെ,
പുക നിന്നഴിക്കുന്നുണ്ട്
പിഞ്ഞുകീറിക്കറുത്ത ചേലകള്‍...

പെരിമുറ്റത്തു നിന്നാല്‍ കാണാം
അടുക്കള ജനാലക്കലൊരു
പെണ്‍ചുമയുടെ കുഴലൂത്ത്..
ചായ, ചോറ്,
ചൂട് വെള്ളം, കറി, കഞ്ഞി...
ജഗ്ഗപൊഗ്ഗ....

ഉള്ളടുപ്പെരിഞ്ഞ്
പുകഞ്ഞ് പുകഞ്ഞ്
കരിമഷിപടര്‍ന്ന കണ്ണടുപ്പുമായ്
അന്തി തീകൂട്ടുന്നതുംനോക്കി
ചലപ്പോഴൊക്കെ
പൂമുഖത്തിരിപ്പതുകാണാം.

ഇല്ലായേം വല്ലായേം പറയല്ലേ..
ഒച്ചകേള്‍പ്പിച്ചിങ്ങനെ
നാട്ടാരുകാണെ കരയല്ലേ...
വെറുതെ പരിഭവം പറയല്ലേ...
എന്ന് മക്കള്‍... മരുമക്കള്‍..

ഉളളുതുറന്ന്
വല്ലപ്പോഴുമൊന്ന്
കരഞ്ഞോട്ടെ..
ഇനിയിതുംകൂടിയില്ലെങ്കില്‍....

വീട് പുതുക്കിപ്പണിതപ്പോള്‍
മകന്‍ പുകയില്ലാത്ത രണ്ടടുപ്പുവച്ചു.

ഇപ്പോഴും കത്തുന്നുണ്ട്
നീലനിറത്തില്‍.
ഏറ്റം ചൂടോടെ അച്ചടക്കത്തോടെ...
പുകയാതെ... കരിമഷി പടരാതെ...
നിന്നുവേവുന്നുണ്ട്
രണ്ട് കണ്ണടുപ്പുകളില്‍,
തിളച്ചുതൂവുന്നുണ്ട്
കണ്ണീര്‍വെള്ളത്തില്‍,
ശിഷ്ടജന്മത്തിന്റെ കനലരികള്‍....

Saturday, May 26, 2012

ഡേര്‍ട്ടി പിക്ചര്‍

ക്യാമറയ്ക്കു മുന്‍പില്‍
മുണ്ടും ജാക്കറ്റുമിട്ട്
മുറ്റമടിക്കരുത്.

അരിയാട്ടരുത്.

ടീ ഷര്‍ട്ടിട്ട്
സൈക്കിള്‍ ചവിട്ടരുത്.

മേലോട്ട് കണ്ണുനട്ട്
ഒന്നും കുനിഞ്ഞെടുക്കരുത്.

കുത്തുകാലില്‍
മലര്‍ന്ന് കിടക്കരുത്.

കണ്ണടച്ച് ആകാശത്തേക്ക് നോക്കി
നെഞ്ചുകൂര്‍പ്പിച്ച്
മൂരി നിവരരുത്.

ഇനി നീന്റെ നീലജാക്കറ്റില്‍
ശ്വാസം മുട്ടിമരിക്കാന്‍
എന്റെ യൗവനവും കൂടി തരില്ല...

പണ്ടെന്റെ കൗമാരവുംകൊണ്ടൊരുത്തി
തൂങ്ങിച്ചത്തത് ഞാന്‍ മറന്നിട്ടില്ല.

ആത്മാവിന്റെ ചന്ദ്രോത്സവങ്ങളില്‍ നിന്ന്
ഒന്നുംപറയാതെ
അവളൊറ്റപ്പോക്കായിരുന്നല്ലോ....

എന്നിട്ടെന്തുണ്ടായി....
ഞങ്ങടെ അരക്കെട്ടില്‍
ആലുമുളച്ചില്ല.

മൂടാതെ കിടന്ന വാരിക്കുഴികളില്‍
വീണുകൊണ്ടെയിരുന്നു
പിന്നെയും പല പിടിയാനകള്‍.

ഞങ്ങടെ തടിപിടിക്കാന്‍,
താലമെടുക്കാന്‍,
കെട്ടിയെഴുന്നെള്ളിക്കാന്‍...

വിശുദ്ധ സ്മിതേ...
നീ മരിച്ചിട്ടും
നിന്റെ ടൂപ്പീസിനിടയിലെ
അണിവയറിന്റെ....,
മറ്റേടത്തെ...
ഡേര്‍ട്ടി സ്റ്റോറി അവസാനിക്കുന്നേയില്ല....

Thursday, March 15, 2012

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

കൈകള്‍ മേലോട്ടുയര്‍ത്തി
ഒറ്റയ്‌ക്കൊരുമരം
നിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...

എന്നെയുംകൂടൊന്ന്
കൊണ്ടുപോണേ...
ഭഗവാനേ... എന്നോ..?

തണ്ണീര്‍തേടിയിറങ്ങിയ
വേരുകള്‍
തിരികെ വന്നില്ലെന്ന്
വേര്‍പ്പെഴുകയാണോ..

ഋതുക്കള്‍ കൂടുകൂട്ടുന്നത്
എന്റെ കൈകളിലെന്ന്,
കാലം എന്നെയല്ല
ഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്....;
കുറേ ഇലകളേയും
പൂക്കളേയും
കാറ്റിലടര്‍ത്തിയിടുകയാവാം.

കൈപ്പാടകലെ നില്‍ക്കുമുറ്റവരെ
വേരയച്ച് പിടിക്കുകയാവാം

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്ന പാട്ട്
കാറ്റിനെ പഠിപ്പിക്കുകയുമാവാം.

നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം.

തലകീഴായി നടക്കുന്ന
ഞങ്ങള്‍ മനുഷ്യരെ നോക്കി
നിന്നനില്‍പില്‍ നിന്ന്
ലോകം ചുറ്റുന്ന
നിങ്ങള്‍ മരങ്ങള്‍ക്ക്
എന്താ ചെയ്തുകൂടാത്തത്.

Friday, January 6, 2012

വിരല്‍

ഉണ്ണി...
വിഷംതീണ്ടാക്കൈവിരല്‍ പിടിക്കൂ...
പേടിക്കാതെ
മെല്ലെ... നടക്കൂ...

നിന്നെപോലെയല്ല ഞാന്‍
പണ്ടെനിക്കേറെപ്പേടിയായിരുന്നു
അമാവാസികള്‍
നാഗങ്ങള്‍ , യക്ഷി.. മറുത....
മനസ്സിലിളകും പേടിപ്പരുവകള്‍ .

പിന്നെപ്പിന്നെ
സര്‍പ്പങ്ങള്‍ വിഷംകുടിച്ചുമരിച്ചുപോയ്
പ്രേതങ്ങള്‍ പേപിടിച്ചൊടുങ്ങിപ്പോയ്
നരകം വാവിട്ടു കരഞ്ഞുപോയ്
മരണം
കരളില്‍ , ഹൃദയത്തില്‍ , ഉദരത്തില്‍ ,
ശ്വാസകോശങ്ങളില്‍ ....
മെലിഞ്ഞൊട്ടിക്കിടപ്പായി....

വിഷത്തിന്‍ വേഷപ്പകര്‍ച്ചകള്‍
കുടിനീരില്‍ , പൊതിച്ചോറില്‍ ,
പലനിറങ്ങളില്‍ പൊതിഞ്ഞ പലഹാരങ്ങളില്‍ ....
മകനെ...
ഒടുവില്‍ അച്ഛനീവിധം
വിഷവൃക്ഷംപോലെ വളര്‍ന്നുപോയ്
അച്ഛന്റെ
വിരല്‍പിടിച്ചൊരോര്‍മ്മ....
പോടിപിടിച്ചെങ്ങോ മറന്നുപോയ്.....
പൊള്ളിയ വിരല്‍പിടിച്ച്
ഉണ്ണി..
നട... നട.... നട....

* എന്റെ വിരല്‍ പിടിച്ച് നടക്കാന്‍ പഠിക്കുന്ന ഒരുവയസ്സുള്ള ഉണ്ണിക്ക്‌

Monday, December 19, 2011

പെണ്‍കുട്ടിയും പട്ടാളക്കാരനും

ഭൂമിക്കടിയില്‍
മേല്‍ക്കുമേല്‍ അടുക്കിവച്ച
ശ്മശാനങ്ങളുണ്ട്.

ചോരയും മാംസവുംകൊണ്ട്‌
പടനിലം മെഴുകിയുണക്കി
ടാങ്കറുകള്‍ മടങ്ങുമ്പോള്‍,
ഒരു പട്ടാളക്കാരന്‍
ഒരു പെണ്‍കുട്ടിയില്‍ നിന്ന്
ചുവന്ന റാസാപ്പൂവ്
കൈനീട്ടി വാങ്ങുമ്പോള്‍,
പതിയെ ...
ഒരു ശ്മാശാനം
ഭൂമിക്കടിയിലേക്ക്
അന്തര്‍ദ്ധാനം ചെയ്യുന്നു.

ചുവന്ന പൂവ്
ചോരയുടെ നിര്‍മ്മലതയെന്നും
പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കത
ഭാവിയുടെ ഊര്‍വ്വരതയെന്നും
ലോകം കൂട്ടിവായിക്കുന്നത്
വെറുതെ കാതോര്‍ത്തുകൊണ്ട്,
ഭൂമിക്കടിയില്‍
മേല്‍ക്കുമേല്‍
ശ്മശാനങ്ങള്‍...

Tuesday, August 2, 2011

മേശവലിപ്പിലെ ചായക്കുപ്പികള്‍

ആകാശം, മേഘങ്ങള്‍ ,
മുറ്റത്ത് ഞൊണ്ടിക്കളിക്കുന്ന
പെണ്‍കുട്ടി,
കിളികള്‍, മരങ്ങള്‍ ...
ഒന്നും മിണ്ടാതെ
ഉറങ്ങുകയല്ലേ...
റബര്‍മൂടിയിട്ട്
മേശവലിപ്പിലെ
ചായക്കുപ്പികളില്‍ ...!!

വീടിന് ശരിക്കും
ദേഷ്യം വരുന്നുണ്ട്.

നട്ടുച്ചയില്‍
പലവട്ടം ചപ്പില ചവിട്ടിപ്പോയി
വേലിക്കല്‍ ഒരേ ഓന്ത്.
ചുമരിലിരുന്ന്
മാര്‍ക്‌സിന് ബോറടിക്കുന്നുണ്ട്.
മോര്‍ച്ചറിയിലെ തണുത്ത ശവം പോലെ
ഒന്നൂടൊന്ന് മെലിഞ്ഞപോലുണ്ട്
ലെനിന്‍ ..
പൊട്ടിയ ചില്ലിലൂടെ
എല്ലാം കണ്ടുകണ്ടൊരോക്കാനം
തിരയിളകിയപോല്‍
ഗാന്ധി....

അതേ..
ഇപ്പോഴാണ്
ഒരു ഭൂമികുലുക്കം വേണ്ടത്.
വീട് നിന്ന് കുതറുമ്പോള്‍
ചുമരിലെ ചിത്രങ്ങള്‍
താഴെ വീണു പൊട്ടണം.
ഒഴുകി പരക്കണം ഇവരുടെ ആത്മാവ്
ഇരുകാലി ഉറുമ്പുകളില്‍ ...

മേശ വലിപ്പ് തുറന്നപടിയെ
നിലത്തേയ്ക്ക് മറിയണം.
പൊട്ടിയ ചായക്കുപ്പികളില്‍ നിന്ന്
ചായം നിലത്തൊഴുകി പരന്ന്
വരയ്ക്കണം
അരൂപിയായ ഒരു പക്ഷി
വെറുതെ
ചിറകുവിടര്‍ത്തുന്നതായെങ്കിലും.

പക്ഷെ
എവിടെ നിന്നാണ്
ഒരു ഭൂമികുലുക്കം വരുന്നതെന്ന്
കാത്തിരുന്നു മടുക്കുകയാവും
വീടുകള്‍ .... ചുമരുകള്‍ ... ചായക്കുപ്പികള്‍ ....

സൈകതം വെബ് മാഗസിനില്‍ വന്നത്‌
 

Saturday, June 4, 2011

ലസ്ബിയന്‍ പശുക്കള്‍

പയ്യിന്റെ പിന്നാലെ പയ്യ്...
പകലന്തിയൊളം
ഒന്നുമറ്റൊന്നിനെ നക്കിത്തുവര്‍ത്തി
മേയാന്‍ മറന്നു.

പാലു നിന്നു
മൂത്രം നിന്നു
ചാണകവും...

തളര്‍ന്ന്
വെയിലത്ത് വീണുകിടക്കുമ്പോഴും
പരസ്പരം നക്കി... നക്കി...
ചില ലസ്ബിയന്‍ പശുക്കള്‍ ....

ടൈറ്റിലിന് കടപ്പാട് ഇന്ദു മേനോന്‌
Related Posts Plugin for WordPress, Blogger...