എന്‍റെ കൂട്ടുകാര്‍

Sunday, November 28, 2010

ഒരേ കൂവല്‍ പക്ഷികള്‍


അതേ...
ഹതു തന്നെ!!
ശരിയാണ്.
കറക്ടാണ് നിങ്ങള്‍ പറഞ്ഞത്.
നമ്മുടെ പെണ്ണ്
വീട്, കിടപ്പറ,
തൊഴിലിടം,
ഒളികേമറ,
പേടികള്‍,
അനുഭവങ്ങള്‍,
എല്ലാം ഒന്നു തന്നെ.
നിങ്ങളുടെ കണ്ടെത്തല്‍
വളരെ ശരിയാണ്.

നീ ഞാന്‍ തന്നെ
ഞാന്‍ നീ തന്നെ

ഒരേ ഊഷ്മാവില്‍
വിരിഞ്ഞ കുറേ മുട്ടകള്‍.
പിടലിക്കു കൈവീഴും വരെ
കോക്... കോക്... എന്ന് വിക്കി വിക്കി
കൂവി എന്നൊന്നു വരുത്തും.
നമ്മള്‍ ഒരേ കൂവല്‍ പക്ഷികള്‍.
ഒരേ തൂവല്‍ കോഴികള്‍.

Tuesday, July 27, 2010

ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ്

ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപ്പരപ്പിന്
എന്തൊരാഴം

കൂട്ടി വായിച്ചിട്ടുണ്ടോ
ഈ ജന(ജല)രാശിയെ
അതിന്റെ ചുഴലി തിരിഞ്ഞ
ഒഴുക്കിനെ

അപ്പോഴൊക്കെ
ഇറുകിയ ടോപ്പിനുള്ളില്‍ നിന്ന്‍
പുറത്തേക്ക് മുദ്രവച്ച
ഏതെങ്കിലും മുലകളില്‍
കണ്ണിടറി കാലുതെറ്റി വീഴും
ഒടുവില്‍
ഞാന്‍ ഒലിച്ചു പോകും
കൊഴുത്ത നിതംബത്തിന്റെ
പിന്‍ നിഴല്‍ ചവിട്ടി
വീട്ടിലേക്ക്

വായനാമുറിവിട്ട്
ഈ നദിയെ വായിക്കാന്‍ വന്നതാണ്
തോറ്റുപോയി

ഇറങ്ങി വരൂ ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം

വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്‌
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍‍
പുകമൂടിയ വീടുകള്‍
രേതസ്സിന്‍റെ മണം മുറ്റിയ തെരുവുകള്‍ എന്ന്‌
ഇനിയും നാണം കെടുത്തരുതേ

ആട്ടിത്തെളിക്കുന്നത്‌
ഏതറവുപുരയിലേക്കെന്ന്‌
അലറിവിളിക്കരുതേ

കരയല്ലേ കരയല്ലേ നഗരമേയെന്ന്‌
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ

പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്‌

Saturday, April 3, 2010

തീപ്പിണ്ഡം

ഇന്നലെയോളം
ഈ തെരുവിന്‍റെ മുലക്കണ്ണ്‌
എന്‍റെ ചോരച്ചുണ്ടുകളില്‍
ചുരന്നു കിടന്നിരുന്നു.


ഇരുണ്ട ഒടവുകളില്‍ കിടന്ന്‌
കുപ്പത്തൊട്ടികളുടെ വറ്റാത്ത കനിവുണ്ട്‌‌.
പൊട്ടിയ ജലധമനികളിലെ
വെള്ളം കുടിച്ച്‌,
നഗരയോടകളുടെ സംഗീതം കേട്ട്‌...


പെട്ടെന്നാണ്‌
അരിച്ചാക്ക്‌ വീണ്‌ ചിതറിയപോലെ
ഒരു മനുഷ്യന്‍റെ തലച്ചോറ്‌
എന്‍റെ മുഖത്തുവന്നടിച്ചത്‌.
നഗരഗലികളില്‍ തീയട്ടഹസിച്ചത്‌.
തെരുവ്‌ മലര്‍ന്നടിച്ചു വീണത്‌.


എന്‍റെ കുഷ്ഠം പിടിച്ച
കൈപ്പത്തിയെ ചവിട്ടിമെതിച്ച്‌
ജനം പരക്കം പാഞ്ഞത്‌.


ഇപ്പോള്‍
ലോറികേറി ചതഞ്ഞ
ഒരു പ്രാവിന്‍റെ തിരുജഢം പോലെ
തെരുവ്‌.


കരിമരുന്നും പച്ചമാംസവും കുഴഞ്ഞ്‌
തന്തൂരിയടുപ്പുപോലെ
നടപ്പാത.


"കറുത്ത ഗംഗേ...
ഈ വിശപ്പിന്‍റെ കൂരയില്‍ നിന്ന്‌
എന്നെ അടരാതെ കാക്കണേ...


തെരുവേ...
തീ കണ്ട്‌ പേടിച്ച്‌
ചുരന്ന പാല്‌ നീ
തിരികെ വലിക്കല്ലെ...


ഇവിടെ നിന്ന്‌
ഇനിയുമെവിടേക്ക്‌
എന്നെ
പടിയടച്ച്‌
പിണ്ഡം വയ്ക്കുന്നു നീ.. "

Thursday, February 11, 2010

റിഫ്ളക്സ്സാക്ഷന്‍




ഇലകളില്‍
ഇരുള്‍ വെന്തു തുടങ്ങി.

ജനലഴികള്‍ വരെ വളര്‍ന്ന
ഒരു ബോണ്‍സായി
പെട്ടെന്നനാഥനായി.

ചെറുമരങ്ങള്‍ പറഞ്ഞു
ഞങ്ങടെ വിശപ്പാറിയില്ല സൂര്യാ...
നെറുകയില്‍ തൊട്ടു തലോടി
നിന്നിരുന്നതാണല്ലൊ നീ
ആരോടും പറയാതെ
പെട്ടെന്ന്..
ഈ നട്ടുച്ചയെ കെടുത്തിവച്ച്‌....

ലാവകള്‍ കിനിഞ്ഞു കിനിഞ്ഞ്‌
മുഴക്കത്തോടെ ഒരു പര്‍വ്വതം
പൊട്ടിക്കരയുന്നത്‌ നീ കണ്ടോ...

ലാവക്കുഞ്ഞുങ്ങള്‍ക്ക്‌
നിന്‍റെ അതേ ഛായ
അതേ രൂപം
ഞങ്ങടെ വാക്കുകളില്‍
അവ വന്ന് ആളി നിവരുന്നത്‌
നീ കാണുന്നുണ്ടൊ...
ഹേ സൂര്യാ...


* അകാലത്തില്‍ മരണമടഞ്ഞ മുംബൈ സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ തേജസ്സാര്‍ന്ന വ്യക്തിത്വം ശ്രീ സി. വി. ശശീന്ദ്രന്‍റെ ഓര്‍മ്മക്ക്‌.

Friday, January 1, 2010

ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്‌


കാറ്റിനേയും വെയിലിനേയും
നല്ല വാക്കൂട്ടി
ഇപ്പൊ വരാം
നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കൂ
എന്നു ഞാന്‍ പറഞ്ഞതാണ്‌.

മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു.

മലകളുടെ കാലു തലോടി സമുദ്രവും,
ഇനി കരയില്ലാ ട്ടോ..
എന്ന് ചിരിക്കാന്‍ ശ്രമിച്ച്‌
കുറേ മേഘങ്ങളും
ഇവിടെ
ഏന്‍റെ വരികളിലേക്ക്‌
ഇറങ്ങി വന്നതായിരുന്നു.

സത്യം.. !!!

ചായമണം വറ്റിയ
തേയിലച്ചണ്ടി പോലെ
കവിത വറ്റിയപ്പൊ
ഞാന്‍ അവരെ പ്രാര്‍ത്ഥിച്ചതായിരുന്നു.

മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്‍റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...
അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി...

ശ്ശെവികള്‌...
എന്നെ മയക്കികിടത്തി
മറഞ്ഞു പോയതെങ്ങാണാവൊ..

ചെന്നു നോക്കിയപ്പൊ
ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു
ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.

എന്‍റെ വരികളിലിരിക്കാന്‍
ഒരാളെങ്കിലും വന്നില്ല..
നിങ്ങള്‍ടെ ചന്തീടെ
ചൂടെങ്കിലും തന്നില്ല
പോ.. പരിഷകള്‌....





ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്‌



Related Posts Plugin for WordPress, Blogger...