എന്‍റെ കൂട്ടുകാര്‍

Monday, July 23, 2012

അമ്മവെയില്‍

നട്ടുച്ചയില്‍
വീട് ധ്യാനമൂര്‍ച്ചയില്‍ നില്‍ക്കും.
പണ്ടേ പഠിപ്പു കഴിഞ്ഞ
തൊടിയിലെ മരങ്ങളും പക്ഷികളും
സമാവര്‍ത്തനം ചെയ്യും.

ഒറ്റതിരിഞ്ഞൊരുവേട്ടാളന്‍
തമ്പുരുമീട്ടി മുളിപ്പറന്നുപോകും..
മുറ്റത്തെ മാവില്‍ നിന്ന് വല്ലപ്പോഴും
ഒന്നോരണ്ടൊ ഇലകള്‍ മൗനമിരന്നുവാങ്ങും....
അണ്ണാറക്കണ്ണന്മാര്‍
''കീ..കീ..'' എന്നോരേവാക്ക് പലവട്ടം
മൗനത്തിലോടിവരച്ചുപോകും.

അപ്പോള്‍ മുറ്റത്ത്
പുല്‍പ്പായയില്‍ നിരത്തിയിട്ട
പഴമുളകില്‍ ആത്മജ്ഞാനത്തിന്റെ
എരികൂടിക്കൂടി വരും...

കൊപ്രയില്‍ അറിവിന്നെണ്ണ കിനിയും

തിളച്ചുമറിയുന്ന പരുക്കന്‍ ജീവിതത്തിലേക്ക്
'കൊണ്ടാട്ടം' ചടുലമായുടല്‍ ചുരുക്കും.

വെയില്‍ വീഴുമ്പോള്‍
വിരിച്ച പുല്‍പ്പായകള്‍
ഒതുക്കിക്കൂട്ടി തീയിട്ടുമുപ്പിച്ച കറുത്ത
മണ്‍പാത്രങ്ങളിലേക്ക്
വെയില്‍വറവുകള്‍
അമ്മ വാരിയെടുക്കും.....

പിന്നെ മുളക് എരിവാകും,
കൊപ്ര എണ്ണയാകും
കൊണ്ടാട്ടം 'വറ്റലാകും'

അടുത്ത ധ്യാനയോഗത്തിന്
അമ്മ വീണ്ടും മുളക് പറിച്ച്
നാളികേരമുടച്ച്
കൊണ്ടാട്ടം കുഴച്ച്
മുറ്റത്തേക്ക് വരുമ്പോള്‍
കാഷായം പുതച്ചൊരു വെയില്‍
ഒരു യോഗിച്ചിരിയുമായി വന്നുനില്‍പ്പുണ്ടാകും.

എരിയും എണ്ണയും വറ്റലുമായി
ഞാന്‍ നേത്രാവതി കടക്കുമ്പോള്‍
വീട് അമ്മയ്‌ക്കൊപ്പം
മഞ്ഞ് വെയിലത്തിട്ട്,
മഴപാകി, വെയില്‍തൂത്ത്,
നിലാവിളക്ക് തെളിച്ച്,
എന്റെ ഗര്‍ഭത്തിലുദിച്ച
കുഞ്ഞുസൂര്യനെ കാക്കണേയെന്ന്‌
ഓരോ ശ്വാസത്തിനേയും
വൈകുണ്ഡത്തിലേക്ക് പറഞ്ഞയക്കും...

Tuesday, July 17, 2012

രാത്രിമഴ

ദൈവമേ.... സത്യംപറയൂ...

നീ പോലും കണ്ടിട്ടുണ്ടാവില്ല
കന്യാവനങ്ങള്‍...

ആര്‍ത്തവം നിലച്ച കാടുകളെ നോക്കി
തോന്നുമ്പൊ തോന്നുമ്പൊ
പൊരിവെയിലായി പെരുമഴയായി
ഇടിയായി മിന്നലായി
നീയിങ്ങിനെ വായിട്ടലയ്ക്കുന്നത്
ആര്‍ക്കുവേണ്ടിയാണ്.

എനിക്കിതേയവസ്ഥയില്‍
പണ്ട് ഭ്രാന്തുവന്നിരുന്നു..

പോരുന്നൊ എന്റെകൂടെ
ഒരു കമ്പനിക്ക്...

ദൂരെ ഹെയര്‍പിന്‍
വളവുകള്‍ക്കപ്പുറം
മേല്‍ച്ചുണ്ടിന് മേലെ
പ്ലക്ക് ചെയ്യാതെ വിട്ട
രോമംപോലെ...
എന്റെ ചുംമ്പനംകൊണ്ട്
നനഞ്ഞൊരു കാടുനില്‍പ്പുണ്ട്...
റോഡില്‍ ചുള്ളികൊഴിച്ചുകളിക്കാതെ
കാറ്റുംമഴയും മതിയാക്കി
വാ.. വന്ന് വണ്ടിയില്‍ കേറ്...
Related Posts Plugin for WordPress, Blogger...