എന്‍റെ കൂട്ടുകാര്‍

Monday, July 23, 2012

അമ്മവെയില്‍

നട്ടുച്ചയില്‍
വീട് ധ്യാനമൂര്‍ച്ചയില്‍ നില്‍ക്കും.
പണ്ടേ പഠിപ്പു കഴിഞ്ഞ
തൊടിയിലെ മരങ്ങളും പക്ഷികളും
സമാവര്‍ത്തനം ചെയ്യും.

ഒറ്റതിരിഞ്ഞൊരുവേട്ടാളന്‍
തമ്പുരുമീട്ടി മുളിപ്പറന്നുപോകും..
മുറ്റത്തെ മാവില്‍ നിന്ന് വല്ലപ്പോഴും
ഒന്നോരണ്ടൊ ഇലകള്‍ മൗനമിരന്നുവാങ്ങും....
അണ്ണാറക്കണ്ണന്മാര്‍
''കീ..കീ..'' എന്നോരേവാക്ക് പലവട്ടം
മൗനത്തിലോടിവരച്ചുപോകും.

അപ്പോള്‍ മുറ്റത്ത്
പുല്‍പ്പായയില്‍ നിരത്തിയിട്ട
പഴമുളകില്‍ ആത്മജ്ഞാനത്തിന്റെ
എരികൂടിക്കൂടി വരും...

കൊപ്രയില്‍ അറിവിന്നെണ്ണ കിനിയും

തിളച്ചുമറിയുന്ന പരുക്കന്‍ ജീവിതത്തിലേക്ക്
'കൊണ്ടാട്ടം' ചടുലമായുടല്‍ ചുരുക്കും.

വെയില്‍ വീഴുമ്പോള്‍
വിരിച്ച പുല്‍പ്പായകള്‍
ഒതുക്കിക്കൂട്ടി തീയിട്ടുമുപ്പിച്ച കറുത്ത
മണ്‍പാത്രങ്ങളിലേക്ക്
വെയില്‍വറവുകള്‍
അമ്മ വാരിയെടുക്കും.....

പിന്നെ മുളക് എരിവാകും,
കൊപ്ര എണ്ണയാകും
കൊണ്ടാട്ടം 'വറ്റലാകും'

അടുത്ത ധ്യാനയോഗത്തിന്
അമ്മ വീണ്ടും മുളക് പറിച്ച്
നാളികേരമുടച്ച്
കൊണ്ടാട്ടം കുഴച്ച്
മുറ്റത്തേക്ക് വരുമ്പോള്‍
കാഷായം പുതച്ചൊരു വെയില്‍
ഒരു യോഗിച്ചിരിയുമായി വന്നുനില്‍പ്പുണ്ടാകും.

എരിയും എണ്ണയും വറ്റലുമായി
ഞാന്‍ നേത്രാവതി കടക്കുമ്പോള്‍
വീട് അമ്മയ്‌ക്കൊപ്പം
മഞ്ഞ് വെയിലത്തിട്ട്,
മഴപാകി, വെയില്‍തൂത്ത്,
നിലാവിളക്ക് തെളിച്ച്,
എന്റെ ഗര്‍ഭത്തിലുദിച്ച
കുഞ്ഞുസൂര്യനെ കാക്കണേയെന്ന്‌
ഓരോ ശ്വാസത്തിനേയും
വൈകുണ്ഡത്തിലേക്ക് പറഞ്ഞയക്കും...

9 comments:

 1. തലവേദനയോടെയാണ് കവിതവായിക്കാനിരുന്നത്.എന്നാലിപ്പോള്‍, വാത്സല്ല്യത്തിന്റെ വിരല്‍സ്പര്‍ശ്ശം നെറ്റിയില്‍. വേപധുവോടെ തലോടുകയാണ്..വേദന ശമിക്കുന്നുണ്ട്....

  ഒരുമകനുമാകില്ല സന്തോഷ് ഇതിലുമേറെ അമ്മയെ അറിയുവാന്‍, കവിതയിലെ അമ്മ കണ്ണ്നനയിക്കുന്നുണ്ട്..ഞാനുമൊരുപ്രവാസിയാണ്

  കവിതയിലെ ചിത്രം,അത് ആരുടെ സൃഷ്ടിയായാലും അതുപതിക്കാനിതിലുംനല്ലൊരു ചുമരുകിട്ടാനില്ല..
  ആശംസകള്‍

  ReplyDelete
 2. എന്റെ ഗര്‍ഭത്തിലുദിച്ച
  കുഞ്ഞുസൂര്യനെ കാക്കണേയെന്ന്‌
  ഓരോ ശ്വാസത്തിനേയും
  വൈകുണ്ഡത്തിലേക്ക് പറഞ്ഞയക്കും...


  ഗ്രേറ്റ് ഗ്രേറ്റ്...മനോഹരം
  വളരെ ഇഷ്ടമായി

  ReplyDelete
 3. സന്തോഷ്‌, ഏറെക്കാലത്തിനുശേഷമാണ്‌ ചിന്തയിലേക്ക്‌ കയറിയത്‌. അത്‌ വെറുതെയായില്ല. ഓരോ വരിയും ഒരുപാട്‌ പറയുന്നു. ബിംബങ്ങള്‍ ജീവന്‍ വെച്ച്‌ മുന്നില്‍ നില്‍ക്കുന്നു. എങ്ങനെ എണ്റ്റെ വിചാരങ്ങള്‍ പറഞ്ഞറിയിക്കണമെന്നറിയില്ല.

  ചിത്രം അതിലേറെ.

  നന്ദി സുഹൃത്തേ.

  ReplyDelete
 4. ഹോ.... നെഞ്ചില്‍ കുത്തുന്ന പോലൊരു എഴുത്ത് :(

  ReplyDelete
 5. കവികളും അവരുടെ കവിതകളും എന്നും ഒരാശ്വാസമാണ്. അമ്മ എന്ന പ്രഹേളികയെ കുറിച്ച്, സ്നേഹസാഗരത്തെ കുറിച്ചുള്ള കവിത
  മനോഹരമായിരിക്കുന്നു.

  ReplyDelete
 6. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...