എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Saturday, February 26, 2011

ഒറ്റമുലച്ചികള്‍

ഒന്ന്.
ശൂര്‍പ്പണഖ
ഒറ്റമുല ചുരന്നു
മുറിച്ചുണ്ടുകൊണ്ട് 
കവിളിലുമ്മ പകര്‍ന്നു
ലക്ഷ്മണീ… എന്ന്
പെണ്മണിയെ 
പതുക്കെ പേരു വിളിച്ചു

അവള്‍ പിച്ചവെച്ച്
വളര്‍ന്നു തുടങ്ങി.

എനിക്കു പേടിയാകുന്നു ....
നീ മുലയും മൂക്കുമില്ലാതെ
പിറക്കേണ്ടിയിരുന്നു.

കാട്ടുചോലയില്‍ മുങ്ങിക്കുളിച്ച്
കാവിയും ശരങ്ങളുമായി
അവര്‍ ഇനിയും വരും…
നീ കരുതിയിരിക്കുക;

എയ്തു വീഴ്ത്തും
മാങ്കുല പോലെ നിന്‍ നെഞ്ച്,
ചമത മുറിക്കും
കത്തി കൊണ്ട് മൂക്ക്,
പ്രണയപ്പരിഭവച്ചുണ്ട്‌
നിന്‍ കാമത്തിന്‍ നേര്‍വാക്ക്.

ഇതളുകള്‍ വലിച്ചറുത്ത്
വിഷപരാഗണം കഴിയവെ
നീ പിന്നെ കന്യയല്ല.

ചോര വാര്‍ന്ന്
നിന്റെ പ്രണയം മരിക്കും.

ഇടിഞ്ഞു പൊളിഞ്ഞ
ഈ പെണ്ണുടലിലാണ്
നീ കുരുത്തത്.

എന്റെ ചോരവാര്‍ന്ന
ഈ മുലയും മൂക്കും
നിന്റെ പെണ്‍മുദ്രകളുടെ
കണ്ണുകളാക്കുമൊ .....?

രണ്ട്.

ചിലര്‍ വന്നു
ദാശരഥിയുടെ വരവഴിയും
ഒരമ്മയുടേയും വഴിവെട്ടവുമില്ലാതെ. 

കാടിന്റെ പച്ചകളഴിഞ്ഞു വീണു.
ആരോ വലിച്ചു കീറിയപോലെ
മേഖറൗക്കകള്‍
മലയുടെ വന്മുലകള്‍ക്കുംമേലെ
വെറുതെയുണങ്ങി.

മരവേര് വെയിലിട്ട് മൂപ്പിച്ച
കാട്ടുചോലയുടെ നീര്
ചോരകൊണ്ട് കലങ്ങി.

നിന്റെ കരിങ്കാമത്തിന്റെ
തായ്‌വേരറുത്ത്
അവര്‍ കടന്നുപോകവെ
കാറ്റാടികള്‍ നിന്ന് തിരിഞ്ഞു.

ചുരമിറങ്ങല്ലെ ചുരമിറങ്ങല്ലെ
കറുത്തമക്കളേ എന്ന്
ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട്
കാട്
ഒറ്റമുല ചുരന്നു.

13 comments:

 1. വിപ്ലവത്തിനും, വ്യഭിചാരത്തിനും,കവിതക്കും വിഭവമാകുന്നു മുല......
  എവിടെ വില്‍ക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്.

  പരിലാളിക്കാം സ്ത്രീത്വത്തെ,,,,സ്ത്രീയെയല്ല. കഴുകക്കണ്ണിനു കാഴ്ചയൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, നാളെ നിങ്ങള്‍ വിലപിക്കുന്നത് ഞങ്ങള്‍ക്ക് കാണേണ്ടി വരും.

  ReplyDelete
 2. ശൂര്‍പണക പൂതന മന്തര ഇവരെല്ലാം പുരാണങ്ങളിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ അല്ലെ
  പിന്നെ മലയെ മുലയാക്കുന്ന ഈ കവിതാ പതിവുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല .അതോക്ക വിപ്ലവത്തിനെ പാതയില്‍ ഉള്ള തടസ്സങ്ങള്‍ എന്ന് തോന്നുന്നില്ല
  മനസ്സ് ഉള്ളടത്തു അക്ഷരങ്ങള്‍ എത്തുന്നില്ല ,അക്ഷരങ്ങളുടെ അട്ടുക്കുകളില്‍ നിന്നും അര്‍ഥം ചോര്‍ന്നു പോകുനുന്നു ,ഒരു പക്ഷെ ബുജ്ജി അല്ലാത്തതിനാലാകം ഇത് ഉള്‍കൊള്ളുവാന്‍ ആകാത്തത് .

  ReplyDelete
 3. ആരോ വലിച്ചു കീറിയപോലെ
  മേഖറൗക്കകള്‍
  മലയുടെ വന്മുലകള്‍ക്കുംമേലെ
  വെറുതെയുണങ്ങി.

  ReplyDelete
 4. "ചെന്തോണ്ടി വയ്മലരും പന്തൊക്കും മുലകളും
  ചന്തമേറും തുടക്കാമ്പും...."എന്ന് എഴുത്തച്ചന്‍ എഴുതിയിരിക്കണ്
  "കാളി കാളിമയര്‍ന്നോലെ എന്‍ കാമം തീര്‍ക്കാന്‍
  ഉണരുക നീ ..പച്ച മണക്കും നിന്‍ തനു പുല്‍കാന്‍
  കച്ചയഴിച്ചു കളിയ്ക്കാന്‍ നിറെ കരിമ്തുടയിടയില്‍ ജീവിത
  ഗന്ധം തൂകി നനക്കാന്‍" ....എന്ന് കടമ്മനിട്ടയും എഴുതിയിട്ടുണ്ടല്ലോ .....
  ഹൃദ്യമായ രചന....

  ReplyDelete
 5. നാമുസ് നന്ദി. വിപ്ലവത്തിനും വ്യഭിചാരത്തിനും കവിതയ്ക്കും വിഭവമാകുന്നു മുല.... വേറിട്ട ഒരു കണ്ടെത്തലാണിത്..... ആയിരിക്കാം.... അറിയില്ല... . മൂക്കും മുലയും അറുത്തുമാറ്റപ്പെട്ട ശൂര്‍പ്പണഖയെക്കുറിച്ചെഴുതുമ്പോള്‍ അതും ഭാവാത്മകതയോടെ എഴുതുമ്പോള്‍ 'മുല' 'മൂക്ക്' എന്നീ വാക്കിന് പകരം വയ്ക്കാന്‍ എന്താണ് നമൂസിന് നിര്‍ദ്ദേശിക്കാനുള്ളത്.

  പരിലാളിക്കാം സ്ത്രത്വത്തെ.... ഇവിടെ സ്ത്രി പ്രകൃതി തന്നെയാണ്. ശൂര്‍പ്പണഖ എന്ന മിത്തോളജിയെ ഒരു കാടുമായി അതിന്റെ അനന്തര സന്തതി പരമ്പരകളുടെ ദുര്യോഗമായി ബന്ധിപ്പിക്കാനുള്ള ഒരെളിയ ശ്രമമാണ് ഈ കവിതയിലൂടെ നടത്തുന്നത്.
  കവിതാവായനയുടെ ശീലക്കേടാണോ അതോ മുല എന്ന പദം കവിതയില്‍ ആവര്‍ത്തിക്കുന്നതിനോടുള്ള... വിരോധമാണൊ നാമുസിനെ ഇങ്ങിനെ പറയിച്ചത്... അറിയില്ലാ....
  എന്തായാലും നന്ദി.... സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിച്ചതിന്.

  ReplyDelete
 6. കവിയൂര്‍: ശൂര്‍പ്പണഖയും പൂതനയും മന്തരയും നെഗറ്റീവ് കഥാപാത്രങ്ങളായിരിക്കാം. ഒരു കവി എന്ന നിലയ്ക്ക് അവരുടെ മനസ്സിലേയ്ക്കും ഇറങ്ങിചെന്ന് അവരുടെ നന്മകളെ ചികയാം... ചികയാതിരിക്കാം.... നന്ദി വായനയ്ക്കും അഭിപ്രായത്തിനും.

  ജുനാ: നന്ദി ... ഈ വരികള്‍ ചില നിര്‍ദ്ദേശങ്ങള്‍ തന്നത് മുംബൈ കഥാകാരി മാനസി മാഡമാണ്. ഇഷ്ടായി ല്ലേ.. തത്തമ്മച്ചുണ്ടാ....

  ആശിഷ്: അനിയാ നന്ദി.... ഉചിതമായ ഉദാഹരണങ്ങള്‍....

  ReplyDelete
 7. ശൂർപ്പണഖാപർവം...
  ഈ പുനർവയനയും ഇഷ്ടപ്പെട്ടു.

  ReplyDelete
 8. ഒരാളെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയാൽ അതിനെ ചുവട് പിടിച്ചായിരിക്കും അടുത്ത കമന്റ്.
  ആ കവിത തരുന്ന സന്ദേശത്തെ കുറിച്ച് എന്തേ ചിന്തിക്കുന്നില്ല?.

  ReplyDelete
 9. ആധുനിക കവിതകള്‍ക്ക് ഒരു ആമുഖം

  മാറ് മറക്കാത്ത കാലത്തേക്ക്
  ഒന്ന് കൊണ്ട് പോകു എന്നിട്ട്
  കൈയ്യും അധരവും മറന്നു
  സൃഷ്ടിക്കാം ഒരു സമത്വ സുന്ദര ലോകം
  എന്താ കുടെ പോരുന്നോ സഖേ

  ReplyDelete
 10. യൂസുഫ്പ ജീ: നന്ദി ഈ വായനയ്ക്കും അഭിപ്രായത്തിനും

  പ്രിയ കവിയൂര്‍ജീ: താങ്കള്‍ ഒറ്റയ്ക്ക് പോയി വരിക... നിങ്ങള്‍ പറഞ്ഞ ആ കാലത്തിലൊക്കെ...അതൊ അവിടെ തന്നെയാണോ....

  ചില കവിതകള്‍ നമ്മേ മാറു മാറയ്ക്കാത്ത അരമറയ്ക്കാത്ത വാലുള്ള കാലത്തിലേയ്ക്ക് കൊണ്ടുപോകും... ആവിഷ്‌ക്കാരമികവുകൊണ്ടാവില്ല; പലപ്പോഴും അന്തമായ അനുകരണങ്ങള്‍ കൊണ്ടാവും....

  ഇന്നിലാവട്ടെ നമ്മുടെ വേരുകള്‍.... മണ്ണിലും വിണ്ണിലും പടരട്ടെ തൃഷ്ണകള്‍.....

  ReplyDelete
 11. നന്നായിരിക്കുന്നു .

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...