എന്‍റെ കൂട്ടുകാര്‍

Monday, December 15, 2014

പന്ത്രണ്ടു നിലകളുള്ള ഒരു മരം വായനക്കാരുടെ കൈകളിലേക്ക്


പ്രീയപ്പെട്ട ബൂലോകരേ,
എന്റെ സര്‍ഗ്ഗാത്മക ജീവിതത്തില്‍ ബ്ലോഗുകള്‍ ഒരു വലിയ ആശ്വാസമായിരുന്നു. എഴുത്തിന്റെ ആറാമിന്ദ്രിയങ്ങള്‍ എന്നെ അസ്വസ്ഥമാക്കുന്ന വേളകളില്‍, ഗ്രഹണനേരങ്ങളില്‍ വിഷസര്‍പ്പങ്ങളില്‍ പൂക്കുന്ന ഉന്മാദം പോലെ മനസ്സില്‍ കവിതപൂക്കുന്ന നേരങ്ങളില്‍, വാക്കുകളെ വിരേചിക്കാനും അതിലൂടെ സര്‍ഗ്ഗോന്മാദത്തിന്റെ അവാച്യമായ അനുഭൂതിയിലൂടെ സ്വയം മറക്കാനും ബ്ലോഗുകള്‍ എനിക്ക് ആവശ്യമായി വന്നിരുന്നു.


പലപ്പോഴും ജീവിതം അധര്‍മ്മത്തിന്റെ കോയ്മരങ്ങള്‍ക്കെതരെ പല്ലുഞെരിച്ച് രക്തസമ്മര്‍ദ്ധത്തില്‍ തലകറങ്ങി മരിക്കാറാകുമ്പോള്‍ കവിതകള്‍കൊണ്ട് ബ്ലോഗുകളിലൂടെ പലപ്പോഴും ഞാന്‍ നടത്തിക്കൊണ്ടിരുന്ന ഗറില്ലാ യുദ്ധങ്ങള്‍ എനിക്ക് വലിയൊരു ആശ്വാസമാണ് പകര്‍ന്നു തന്നത്.

ബ്ലോഗിലും, ഇതര മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട, കഴിഞ്ഞ ഇരുപതു വര്‍ഷക്കാലത്തെ എന്റെ 34 കവിതകള്‍ ഒരു പുസ്തകമായി നിങ്ങളുടെ മുന്‍പില്‍ 'പന്ത്രണ്ടു നിലകളുള്ള ഒരു മരം' എന്ന പേരില്‍ എത്തുകയാണ്. ഡിസംബര്‍ 9 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ബഹു. മുന്‍ വനം മന്ത്രിയും എഴുത്തുകാരനുമായ ശ്രീ ബിനോയ് വിശ്വമാണ് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. എഴുത്തുകാരി രാധിക സി. നായര്‍ പുസ്തകം ഏറ്റുവാങ്ങുകയും, എന്റെ പ്രീയ സുഹൃത്ത് കവി മനോജ് മേനോന്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സമുന്നത നേതാവും കവിയുമായ ശ്രീ വിനോദ് വൈശാഖിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കവി മുരുകന്‍ കാട്ടാക്കട, കവയത്രി സരിതാ വര്‍മ്മ, ഡോ. മീന ടി. പിള്ള, കവി കണ്ണന്‍ തട്ടയില്‍, കവി അനന്തഗോപന്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ വിനോദ് വെള്ളായനി, ഡി. യേശുദാസ്, കലാദേവി എന്നിവര്‍ അവരവരുടെ കവിതകള്‍ ആലപിച്ച് ചടങ്ങിനെ ധന്യമാക്കി.

പുസ്തക പ്രസാധന രംഗത്ത് ഒരു നവോദ്ധാനത്തിന് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം അക്ഷര സ്‌നേഹികള്‍ തുടക്കം കുറിച്ച 'തിരുവനന്തപുരം ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക' യാണ് എന്റെ പ്രഥമ കവിതാ സമാഹരത്തിന്റെ പ്രസാധന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്.

'ഇനി നിന്‍ ജീവിതം നിന്‍കാര്യം മാത്രം' എന്ന് തള്ളക്കോഴി, തന്റെ കുഞ്ഞുങ്ങളെ കൊത്തിയാട്ടുന്ന പോല്‍ എന്റെ കവിതകളെ ഞാന്‍ എന്നില്‍ നിന്ന് കൊത്തിയാട്ടുന്ന ചടങ്ങ് കഴിഞ്ഞിരിക്കുന്നു.
ഇനി എന്റെ കാവ്യക്കുഞ്ഞുങ്ങള്‍ക്ക് അക്ഷര സ്‌നേഹികളായ വായനക്കാര്‍തന്നെ തുണ.

എന്റെ പ്രിയ സുഹൃത്തുക്കള്‍ പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി വായിക്കുകയും അഭിപ്രായങ്ങള്‍ എന്നെ എഴുതി അറിയിക്കുകയും വേണം.

പുസ്തകം വി.പി.പി. ആയി ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസം ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പുസ്തകം വിപിപി ആയി ലഭിക്കുന്നതിന് ഇവിടെ വിലാസം റജിസ്റ്റര്‍ ചെയ്യുക>>>



സസ്‌നേഹം
സന്തോഷ് പല്ലശ്ശന
09920410030

6 comments:

  1. ആശംസകള്‍,ഇത് തുടക്കമാകട്ടെ

    ReplyDelete
  2. ആശംസകള്‍, സന്തോഷ്
    നാട്ടിലെത്തുമ്പോള്‍ വാങ്ങേണ്ട പുസ്തകലിസ്റ്റില്‍ ഞാന്‍ ഇതും കൂടി ചേര്‍ക്കുന്നു

    ReplyDelete
  3. ആശംസകള്‍ സന്തോഷ് ഭായ്
    അടുത്ത വരവിൽ ‘പന്ത്രണ്ടു നിലകളുള്ള
    ഒരു മരം' ഞാൻ സ്വന്തമാക്കുന്നതാണ് കേട്ടൊ ഭായ്
    പിന്നെ
    ‘എന്റെ പ്രിയ സുഹൃത്തുക്കള്‍ പുസ്തകത്തിന്റെ ഓരോ കോപ്പി വാങ്ങി വായിക്കുകയും അഭിപ്രായങ്ങള്‍ എന്നെ എഴുതി അറിയിക്കുകയും വേണം.‘

    മിത്രങ്ങളോടായാലും ഈ വാചകത്തിന്റെ ഘടന ഒരു റിക്യസ്റ്റ് പോലെ കൊടുക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു...!

    ReplyDelete
  4. സന്തോഷ്‌,

    അയച്ചു തന്ന പുസ്തകം കിട്ടി. വളരെ നന്ദിയുണ്ട്‌, എന്നെ ഓര്‍മ്മിച്ചതിനും പുസ്തകം എത്തിച്ചുതന്നതിനും. എഴുത്ത്‌ തുടരുക. ആശംസകള്‍,

    വിനോദ്‌കുമാര്‍ തള്ളശ്ശേരി

    ReplyDelete
  5. എല്ലാ ഭാവുകങ്ങളും നേരുന്നു. പന്ത്രണ്ട് നിലകളുള്ള മരം പൂത്ത്,പടർന്ന് പന്തലിക്കട്ടെ...
    ആശംസകൾ...

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...