എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Saturday, February 26, 2011

ഒറ്റമുലച്ചികള്‍

ഒന്ന്.
ശൂര്‍പ്പണഖ
ഒറ്റമുല ചുരന്നു
മുറിച്ചുണ്ടുകൊണ്ട് 
കവിളിലുമ്മ പകര്‍ന്നു
ലക്ഷ്മണീ… എന്ന്
പെണ്മണിയെ 
പതുക്കെ പേരു വിളിച്ചു

അവള്‍ പിച്ചവെച്ച്
വളര്‍ന്നു തുടങ്ങി.

എനിക്കു പേടിയാകുന്നു ....
നീ മുലയും മൂക്കുമില്ലാതെ
പിറക്കേണ്ടിയിരുന്നു.

കാട്ടുചോലയില്‍ മുങ്ങിക്കുളിച്ച്
കാവിയും ശരങ്ങളുമായി
അവര്‍ ഇനിയും വരും…
നീ കരുതിയിരിക്കുക;

എയ്തു വീഴ്ത്തും
മാങ്കുല പോലെ നിന്‍ നെഞ്ച്,
ചമത മുറിക്കും
കത്തി കൊണ്ട് മൂക്ക്,
പ്രണയപ്പരിഭവച്ചുണ്ട്‌
നിന്‍ കാമത്തിന്‍ നേര്‍വാക്ക്.

ഇതളുകള്‍ വലിച്ചറുത്ത്
വിഷപരാഗണം കഴിയവെ
നീ പിന്നെ കന്യയല്ല.

ചോര വാര്‍ന്ന്
നിന്റെ പ്രണയം മരിക്കും.

ഇടിഞ്ഞു പൊളിഞ്ഞ
ഈ പെണ്ണുടലിലാണ്
നീ കുരുത്തത്.

എന്റെ ചോരവാര്‍ന്ന
ഈ മുലയും മൂക്കും
നിന്റെ പെണ്‍മുദ്രകളുടെ
കണ്ണുകളാക്കുമൊ .....?

രണ്ട്.

ചിലര്‍ വന്നു
ദാശരഥിയുടെ വരവഴിയും
ഒരമ്മയുടേയും വഴിവെട്ടവുമില്ലാതെ.  

കാടിന്റെ പച്ചകളഴിഞ്ഞു വീണു.
ആരോ വലിച്ചു കീറിയപോലെ
മേഖറൗക്കകള്‍
മലയുടെ വന്മുലകള്‍ക്കുംമേലെ
വെറുതെയുണങ്ങി.

മരവേര് വെയിലിട്ട് മൂപ്പിച്ച
കാട്ടുചോലയുടെ നീര്
ചോരകൊണ്ട് കലങ്ങി.

നിന്റെ കരിങ്കാമത്തിന്റെ
തായ്‌വേരറുത്ത്
അവര്‍ കടന്നുപോകവെ
കാറ്റാടികള്‍ നിന്ന് തിരിഞ്ഞു.

ചുരമിറങ്ങല്ലെ ചുരമിറങ്ങല്ലെ
കറുത്തമക്കളേ എന്ന്
ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട്
കാട്
ഒറ്റമുല ചുരന്നു.

Sunday, February 20, 2011

സ്വപ്നത്തിന്റെ ചോരപുരണ്ട സ്‌നാപ്പുകള്‍

പാതാക പുതച്ച്
ചുരം കടന്ന്
ഇന്നലെയും വന്നു
നാലഞ്ചു പെട്ടികള്‍.

മുറ്റത്തു നിലവിളികളുടെ
നെരിപ്പോടില്‍
തീ കുറുക്കി പെട്ടിതുറന്നു.

അറ്റുതൂങ്ങിയ കണ്ണില്‍
അവസാനത്തെ നിലവിളിയുടെ
പാതിമാഞ്ഞ ചിത്രം
വിറങ്ങലിച്ചു കിടന്നു

വിണ്ടുകീറിയ അതിരുകളിലെ
ആകാശം നോക്കി
മലര്‍ന്നു കിടക്കവെ
ആരോ ഇവനെ
തീ പടക്കങ്ങള്‍ കൊണ്ട്
എറിഞ്ഞുടച്ചതാണ്.

മുറ്റത്ത് അവനെ
പെറുക്കി നിറച്ച
പെട്ടിക്കു മുന്‍പില്‍
അവള്‍ അലമുറയിട്ടു.

വെന്തു ചിതറിയ നെഞ്ചില്‍
അവള്‍ ഉടഞ്ഞുപോയ
നാലഞ്ചു ചിത്രങ്ങള്‍ കണ്ടു.

ഒന്ന് ചോരയില്‍ മുങ്ങിയ
അവളുടെ തന്നെ
പ്രണയമുഖമായിരുന്നു.
പിന്നെ അവളുടെ കിടാവിന്റെ,
അമ്മയുടെ, അച്ഛന്റെ,
കൂട്ടുകാരുടെ
ചില ചിന്നിയ ചീളുകള്‍.

പിന്നെ...

തേച്ചുമിനുക്കി ചായമടിച്ച
അവന്റെ കിനാവീടിന്നു മുന്‍പില്‍ നിന്ന്
നാട്ടു വഴിയെ നടന്നു പോകുന്നവരോട്
കിന്നാരം പറയുന്ന
സ്വപ്നം കൊയ്ത
മറ്റൊരു സ്‌നാപ്പ്.

Sunday, February 13, 2011

ഗാനമേള

വയല്‍ക്കരയിലെ
തറവാട്ട് വീട്
പാതിരാനേരത്ത്
ഗാനമേളയ്ക്കിറങ്ങും.

ചീവീടുകളുടെ ചീ.. ചീ.. വിളിയും
തവളക്കരച്ചിലും
കാലന്‍കോഴികളുടെ
ചാവറിയിക്കലും

ഹമ്മോ...
ഞാന്‍ പേടിച്ച്
മൂത്രം പിടിച്ചു കിടക്കും.

കിഴക്ക് സൂര്യത്തല കാണും വരെ
ഇവറ്റകള്‍ അര്‍മാദിക്കും.

ഉച്ചവെയിലായാല്‍
ചേറില്‍ ചൊടിയനും, പരലും, മൊയ്യും*
കിടന്നു മയങ്ങുന്നതു കാണണം

വെയിലത്ത് തലകുമ്പിട്ട്‌ നില്‍ക്കും, പാടം.
പാട്ടില്ല... കൂത്തില്ല....
എവിടെപ്പോയ് ചീവിടുകള്‍ ?
ഇവറ്റങ്ങള്‍ക്ക് സൂര്യനെ പേടിയാണ്‌ .

അന്നൊരു മഴക്കാലം;
ഗാനമേളകളുടെ തിരുതകൃതിക്കാലം.
മരണം തലയ്ക്കുപിടിച്ച്
ഫ്‌ളോറിഡാന്റെ വിഷകോശങ്ങള്‍ക്കൊപ്പം
ഇഞ്ചിപ്പാത്തിക്കരുകില്‍
വേലന്‍തെയ്യന്‍ ആടിയമര്‍ന്നു.

മകളുടെ മംഗലപ്പിറ്റേന്ന്, അന്തിക്ക്
പാടത്തെ പഴമ്പനയില്‍ നിന്ന്
മാധവേട്ടന്‍ ജീവിതത്തെ തള്ളിയിട്ടു.

മറ്റൊരു പാതിരയ്ക്ക് രമേശന്‍ നായര്‍
ഗാനമേളകള്‍ക്കിടയില്‍
ബ്ലേഡുകൊണ്ട് സിരകളെ വെട്ടിത്തുറന്ന്‌
സ്വയമൊഴുകിപ്പോയി .

ഗാനമേള നിലച്ചില്ല
അന്ന് കൂടുതല്‍ ശോകഗാനങ്ങള്‍ പാടി.

ആണ്ടിലൊരിക്കല്‍
വിടിനൊപ്പം ഞാനും
ഗാനമേളകള്‍ തേടിയിറങ്ങാറുണ്ട്.
രാപ്പാട്ടുകള്‍ കേട്ട് നിലാവത്ത്
മലര്‍ന്ന് കിടക്കാറുണ്ട്.
കൈത്തോട് കൈതവാഴകളെ പുണര്‍ന്ന്
അടക്കം പറയുന്നത്
കേട്ട് കുറേ ചിരിച്ചിട്ടുണ്ട്.

ഇന്ന് പഴയ ചിരിയില്ല കളിയില്ല
എല്ലാവര്‍ക്കും ഓരോ തിരക്കായി.

മരണവീടിന്റെ മൗനം പേറി
പാലക്കോടന്‍,
പരുവപ്പുഴ
,
കരിക്കപ്പൊറ്റ...**

വയല്‍ക്കരയിലെ തറവാട്ടുവീട്
ഇപ്പൊള്‍ ഗാനമേളയ്ക്കിറങ്ങാറില്ല.

വയല്‍ക്കരയിലിപ്പൊ
എനിക്ക് തറവാട്ടു വീടേയില്ല,
വയലും.


* പാലക്കാടന്‍ ഞാറ്റുപാടത്തെ ഒരു തരം മീന്‍
** പാലക്കാട്ടുകാര്‍ സ്വന്തം വയലുകളെ ഇത്തരം പേരുകളിട്ട് വിളിക്കാറുണ്ട്, സ്വന്തം മക്കളെ പോലെ.
Related Posts Plugin for WordPress, Blogger...