എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Monday, December 19, 2011

പെണ്‍കുട്ടിയും പട്ടാളക്കാരനും

ഭൂമിക്കടിയില്‍
മേല്‍ക്കുമേല്‍ അടുക്കിവച്ച
ശ്മശാനങ്ങളുണ്ട്.

ചോരയും മാംസവുംകൊണ്ട്‌
പടനിലം മെഴുകിയുണക്കി
ടാങ്കറുകള്‍ മടങ്ങുമ്പോള്‍,
ഒരു പട്ടാളക്കാരന്‍
ഒരു പെണ്‍കുട്ടിയില്‍ നിന്ന്
ചുവന്ന റാസാപ്പൂവ്
കൈനീട്ടി വാങ്ങുമ്പോള്‍,
പതിയെ ...
ഒരു ശ്മാശാനം
ഭൂമിക്കടിയിലേക്ക്
അന്തര്‍ദ്ധാനം ചെയ്യുന്നു.

ചുവന്ന പൂവ്
ചോരയുടെ നിര്‍മ്മലതയെന്നും
പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കത
ഭാവിയുടെ ഊര്‍വ്വരതയെന്നും
ലോകം കൂട്ടിവായിക്കുന്നത്
വെറുതെ കാതോര്‍ത്തുകൊണ്ട്,
ഭൂമിക്കടിയില്‍
മേല്‍ക്കുമേല്‍
ശ്മശാനങ്ങള്‍...

Tuesday, August 2, 2011

മേശവലിപ്പിലെ ചായക്കുപ്പികള്‍

ആകാശം, മേഘങ്ങള്‍ ,
മുറ്റത്ത് ഞൊണ്ടിക്കളിക്കുന്ന
പെണ്‍കുട്ടി,
കിളികള്‍, മരങ്ങള്‍ ...
ഒന്നും മിണ്ടാതെ
ഉറങ്ങുകയല്ലേ...
റബര്‍മൂടിയിട്ട്
മേശവലിപ്പിലെ
ചായക്കുപ്പികളില്‍ ...!!

വീടിന് ശരിക്കും
ദേഷ്യം വരുന്നുണ്ട്.

നട്ടുച്ചയില്‍
പലവട്ടം ചപ്പില ചവിട്ടിപ്പോയി
വേലിക്കല്‍ ഒരേ ഓന്ത്.
ചുമരിലിരുന്ന്
മാര്‍ക്‌സിന് ബോറടിക്കുന്നുണ്ട്.
മോര്‍ച്ചറിയിലെ തണുത്ത ശവം പോലെ
ഒന്നൂടൊന്ന് മെലിഞ്ഞപോലുണ്ട്
ലെനിന്‍ ..
പൊട്ടിയ ചില്ലിലൂടെ
എല്ലാം കണ്ടുകണ്ടൊരോക്കാനം
തിരയിളകിയപോല്‍
ഗാന്ധി....

അതേ..
ഇപ്പോഴാണ്
ഒരു ഭൂമികുലുക്കം വേണ്ടത്.
വീട് നിന്ന് കുതറുമ്പോള്‍
ചുമരിലെ ചിത്രങ്ങള്‍
താഴെ വീണു പൊട്ടണം.
ഒഴുകി പരക്കണം ഇവരുടെ ആത്മാവ്
ഇരുകാലി ഉറുമ്പുകളില്‍ ...

മേശ വലിപ്പ് തുറന്നപടിയെ
നിലത്തേയ്ക്ക് മറിയണം.
പൊട്ടിയ ചായക്കുപ്പികളില്‍ നിന്ന്
ചായം നിലത്തൊഴുകി പരന്ന്
വരയ്ക്കണം
അരൂപിയായ ഒരു പക്ഷി
വെറുതെ
ചിറകുവിടര്‍ത്തുന്നതായെങ്കിലും.

പക്ഷെ
എവിടെ നിന്നാണ്
ഒരു ഭൂമികുലുക്കം വരുന്നതെന്ന്
കാത്തിരുന്നു മടുക്കുകയാവും
വീടുകള്‍ .... ചുമരുകള്‍ ... ചായക്കുപ്പികള്‍ ....

സൈകതം വെബ് മാഗസിനില്‍ വന്നത്‌
 

Saturday, June 4, 2011

ലസ്ബിയന്‍ പശുക്കള്‍

പയ്യിന്റെ പിന്നാലെ പയ്യ്...
പകലന്തിയൊളം
ഒന്നുമറ്റൊന്നിനെ നക്കിത്തുവര്‍ത്തി
മേയാന്‍ മറന്നു.

പാലു നിന്നു
മൂത്രം നിന്നു
ചാണകവും...

തളര്‍ന്ന്
വെയിലത്ത് വീണുകിടക്കുമ്പോഴും
പരസ്പരം നക്കി... നക്കി...
ചില ലസ്ബിയന്‍ പശുക്കള്‍ ....

ടൈറ്റിലിന് കടപ്പാട് ഇന്ദു മേനോന്‌

Sunday, May 29, 2011

കുമ്പളത്തിപ്പൂവ്

അടുക്കള ജനല്‍ വഴി
തെങ്ങിന്‍ചുവട്ടിലേക്ക്
അമ്മ വലിച്ചെറിഞ്ഞതല്ലേ നിന്നെ.

എന്നിട്ടും
ഒരു കര്‍ക്കടകപ്പെയ്ത്തില്‍

നനഞ്ഞൊലിച്ച്
മന്താരച്ചെടിയുടെ
തോളെപ്പിടിച്ച്
പെറ്റെഴുന്നേറ്റ്.....
പെറ്റെഴുന്നേറ്റിങ്ങനെ
ഈ ജനല്‍വഴിയില്‍ വന്നുനില്‍ക്കുന്നുവോ.....
ഈ മഞ്ഞപ്പൂക്കളും,
നീ പെറ്റ ചാരക്കുമ്പളവും
അമ്മയ്ക്കാണോ...?

എന്റെ അമ്മയെ
നിനക്ക് അത്രക്കിഷ്ടാ....?!!!

_____ചൊല്ലിക്കേള്‍ക്കാം_____
 

Sunday, May 22, 2011

ഹില്‍ സ്റ്റേഷന്‍

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.

നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കൈകോര്‍ത്തുപിടിച്ച്  കാട്ടുതീ
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....
(ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

Tuesday, May 17, 2011

രതിനിര്‍വ്വേദം A

തലയില്‍ മുണ്ടിട്ട്
ഞങ്ങള്‍ ക്യൂ നിന്നിരുന്ന
ഇന്ദു ടാക്കീസ്
പൂട്ടിയതിന്റന്ന്
മൂവന്തിയില്‍
രാവും പകലും
അലിയാതെ.
വാത്സ്യായനങ്ങള്‍ ഉരുക്കഴിയാതെ
രാമുടിക്കെട്ടഴിയാതെ
ആകാശം കറപിടിച്ചു.

മുഷ്ടിമൈഥുനത്തിനൊടുവില്‍
ചോരപൊട്ടി
സൂര്യന്‍ കടലില്‍
മുങ്ങിമരിച്ചു.

അര്‍ക്കും വേണ്ടാതെ
കുറെ സൂര്യരേതസ്സ്
അവിടവിടെ തളം കെട്ടിക്കിടന്നു.

താറില്‍ കുറുകി
കറുത്തുപോയ
പൊരിവെയിലിന്റെ കനലുകള്‍
ചാരായത്തില്‍ മുങ്ങി
മദംമുറ്റിയ കണ്ണുമായ്
നേരെ വന്നു കേറിയിരുന്നത്
ഇന്ദു ടാക്കീസിലേക്കായിരുന്നു.

ഇതു ഞങ്ങടെ കിടപ്പറ;
വെയിലേറ്റു പൊള്ളിയ ഉടലുകളുടെ അരയിലെ
അധികപ്പറ്റായ രതിനാഗങ്ങള്‍ക്ക്
ചുട്ടുപൊങ്ങാനും ചീറ്റിമയങ്ങാനും
ഒരിടം.

ഇനി മോര്‍ച്ചറിയിലെ
വേന്താനിച്ച മണമാവും
കിടപ്പറക്ക്

പാതി ആടുതിന്ന
ജയഭാരതിയുടെ
കീറിപ്പറിഞ്ഞ ഉടലുമായി
ഇടിഞ്ഞുതൂങ്ങിയ പ്രൊജക്ടര്‍ മുറിയില്‍ നിന്ന്
വിശന്നു വലഞ്ഞ് ഒരു വയസ്സന്‍ പാമ്പ്
ഇളവെയിലിലേക്ക് ഇഴഞ്ഞുവന്നു.

ഇന്ന്
നരവന്ന് ജരവന്ന് വീട്ടുപടിക്കലിരിക്കുമ്പൊ
മകന്‍ കാമുകിയുമൊത്ത്
ജലകേളി കഴിഞ്ഞ്
മദകേളിക്കുപോകുന്നത് കണ്ടു.

ജലം മലിനമാക്കരുതുണ്ണീ...എന്നു പറഞ്ഞത്
അവന്‍ കേട്ടൊ എന്തൊ....

സമകാലിക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌]

 _____ചൊല്ലിക്കേള്‍ക്കാം_____


Monday, May 9, 2011

ഉടലോല്‍പലങ്ങള്‍

വീട്ടില്‍
ഒരു വിഷകന്യക
ഒരു തീപ്പുരുഷോത്തമന്‍

പാമ്പും തീയും
ചീറിയടുത്തു.
കൂരകത്തിച്ച്
തീ മൂടിയുലഞ്ഞു.
പാവമൊരു സൂര്യന്‍
എല്ലാം കണ്ട് വിയര്‍ത്തു.

വിഷം കലങ്ങി
നദിയും കടലും.

കരിഞ്ഞ ശലഭച്ചിറകുകളുമായി
കാറ്റ് ചുഴലി തിരിഞ്ഞു.

പിന്നെയെപ്പോഴൊ
ഒരു രാത്രിയില്‍
മഴ തൊടുത്തു മാനം.

തണുത്തു വിറങ്ങലിച്ച
കന്യകയുടെ ഉടലില്‍ നിന്ന്
പാമ്പ് ഊര്‍ന്നിറങ്ങിപ്പോയി.

ഇരുട്ടുപുതച്ച
കുറെ കരിനീലത്തിരകള്‍
മലയുടെ മസ്തകത്തോളം തൊട്ട്
ഒറ്റക്കരച്ചിലായിരുന്നു.

ഇടിവാളിന്റെ വെള്ളിവേരുകള്‍ പാഞ്ഞ്
കരിവാളിച്ച മുഖവുമായി
ആകാശം കടലിനെ
വാരിപ്പുണര്‍ന്നു.

കടല്‍ കോരിത്തരിച്ചു.

നനഞ്ഞ മണ്ണിന്
വീണ്ടും പഴയ പാട്ടുകള്‍
ഓര്‍മ്മ വന്നു.

വിത്ത് മുളയിലേക്കും
പൂവിലേക്കുമുള്ള
വഴിതിരിഞ്ഞ്
പച്ച വരച്ചു.

ജീവന്റെ തടാകം പോലെ
പുല്‍മേടുകള്‍,
നീലക്കുറിഞ്ഞികള്‍...

നോക്കൂ...
പഴയതെന്തോ പറഞ്ഞ്
ആകാശം ചിരിക്കുമ്പൊ
താഴ്‌വാരങ്ങള്‍
നാണം കൊണ്ട് ചുവന്നത് കണ്ടോ...

പിന്നെ പതുക്കെ....പതുക്കെ...
ചക്രവാളങ്ങള്‍
വിളക്കിന്റെ തിരിതാഴ്ത്തി-
വയ്ക്കുന്നതെന്തിനാണ്...  :)

Tuesday, May 3, 2011

കാക്കേ... കാക്കേ....


കാക്കകളായിരുന്നെങ്കി
കരഞ്ഞുവിളിച്ചേനേ...

ചില്ലനെറഞ്ഞു നിന്ന്
പെരുക്കിയേനെ..
ഒരുപെരുക്കങ്ങോളമിങ്ങോളം.

മലര്‍ന്ന് വീണ്
പിടലിക്ക് കൊത്തി
പിന്നേം മേലേക്ക്
നറുന്നുറാന്ന് പറന്നേനെ..

ചാവിനും മുന്നേ തന്നെ
കണ്ണോക്ക് കൊണ്ട്
പെലകുളിപ്പിച്ചേനേ...

ഹെന്ത് ചെയ്യാം
തൊപ്പേം തുകിലും പറിഞ്ഞ്
മലര്‍ന്നടിച്ചുവീണ് ചത്തത്
എച്ചിലുതീനി കാക്കയല്ലല്ലൊ...

Sunday, April 24, 2011

പന്ത്രണ്ടു നിലകളുള്ള ഒരു മരം 1.
പത്താം നിലയില്‍
ഇന്നലെ ഒരാള്‍ തൂങ്ങിമരിച്ചു.
മരിക്കുമ്പോള്‍
അയല്‍വീട്ടിലെ ശീലാവതിക്ക്
മുന്ന് മാസമായിരുന്നു.

ശവമടങ്ങി
ഗര്‍ഭമലസി.

ജാരരാത്രികളുടെ
തണുതണുത്ത
ഉറകള്‍ക്കുള്ളില്‍
തട്ടാതെ പൊട്ടാതെ
വാസ്തു പിന്നെയും
ഉറങ്ങി.

2.

ഒരു ദിവസം
നേരംവെളുത്തപ്പോള്‍
താഴെ ഒരു നഗ്നനക്ഷത്രം
അടര്‍ന്നു വീണിരിക്കുന്നു.

ഗന്ധര്‍വ്വന്മാര്‍
കൂട്ടത്തോടെ ഒളിവില്‍പോയി.
കുരച്ചുകൊണ്ടോടിയ പോലീസ് നായ
വാട്ടര്‍ടാങ്കില്‍ വീണ് മുങ്ങിച്ചത്തു.
തുറിച്ച കണ്ണിലെ നിലവിളി വായിക്കാതെ
കാക്കികള്‍ നായയെ സെല്യൂട്ടു ചെയ്തു.

3.
അതിവൃഷ്ടിയില്‍
മുകള്‍ നില അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു.

ഭൂമികുലുങ്ങിയപ്പോള്‍
സ്വയം മുറുകെ പിടിച്ച്
ഞങ്ങള്‍ ഇറങ്ങിയോടി.
നിബിഢ വാസ്തുക്കളുടെ
വേരുകളുടെ നിലവിളികേട്ട്
അന്ന് തെരുവുകള്‍ ഞെട്ടിവിറച്ചു.

4.
മുറിവുകളില്‍ സിമന്റിട്ടടച്ച്
ഇതളുകളില്‍ ചായം പൂശി
പിന്നെയും നിന്നു
വാസ്തു.

മഞ്ഞപൂതലിച്ച പിത്തച്ചിരിയുമായി
ജാലകക്കണ്ണുകള്‍ രാത്രിയെ
തുറിച്ചുനോക്കി.

ജനം കലങ്ങിമറിഞ്ഞൊഴുകുന്ന
നഗര നദിക്കരെ
കടപുഴങ്ങാതെ
വാസ്തു കഥപറഞ്ഞുനിര്‍ത്തുമ്പോള്‍ ...

ദൂരെ ദൂരെ
ഒരു കാട്ടില്‍
കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടി
മേഘങ്ങളുടെ യൗവനത്തെ
ഉദ്ധരിക്കുകയായിരുന്നു.

Sunday, March 13, 2011

മുത്തി

മുറ്റത്ത്
ഒരു വെയില്‍ വന്ന് നില്‍പ്പുണ്ട്.

ഏകാന്തതയില്‍
ഒഴുകി നടക്കുകയായിരുന്നു
ഞാന്‍ വന്നു കയറുമ്പോള്‍
മുത്തി.

ആരാ മനസ്സിലായോ....
കേക്ക്ണ്‌ണ്ടോ...
കൊച്ചുമോനാ....
എവിടേ.....

ഓര്‍മ്മകളുടെ ശ്മശാനത്തില്‍നിന്ന്
ഏറെ ദൂരം നടന്ന്
മുത്തി വന്നു...

വിത്തിന്റെ മഴക്കണക്ക്,
ഞാറ്റുവേലകളുടെ വഴിക്കണക്ക്,
നാട്ടുമരുന്ന്, ഊത്ത് മന്ത്രം,
യക്ഷികളുടെ ചുടല നൃത്തം
എല്ലാം നിനക്കോര്‍മ്മയുണ്ടോ...
പെറ്റ ചാപിള്ളകള്‍ ,
നോറ്റ നാവോറുകള്‍
എത്രയെന്ന് നീ പറയുമോ.....?
എന്റെയോര്‍മ്മ എന്നേ മരിച്ചു...

തലതല്ലി ചാകുമേ ഞാനെന്ന്
ഒരു മഴ.
രൗദ്രതാളത്തില്‍ ഇടംവലംചുറ്റി
ഒരു കാറ്റ്
വിളറിവെളുത്ത് ഒന്നും മിണ്ടാതെ
വീട്.

നീ പോയതിന്റന്ന്
കഥകളൊക്കെ കൊട്ടിയടച്ചു.

എന്റെ ഓര്‍മ്മത്തെറ്റാണ്
മഴ
ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
വേനല്‍.
എന്റെ പകര്‍ന്നാട്ടമാണ്
വൃഷ്ടിദോഷങ്ങള്‍

തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക്കുമില്ലാതെ
കുറെ പുരാവൃത്തങ്ങള്‍
മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.

Saturday, March 5, 2011

ചുവന്ന സ്ലീവ്‌ലെസ്സ്

കൈവഴിയെ “ഷാളു”തിരും
പലകുറി
നിന്‍ വിരലുകള്‍
കീബോര്‍ഡില്‍ നൃത്തം വയ്ക്കുമ്പോള്‍

ഇടംകൈത്തുടയില്‍
വെളുത്തൊരൊറ്റനാണയം
ചിരിച്ചു നില്‍ക്കും.
അതെന്നെ “യേട്ടാ”യെന്ന്
കൊഞ്ചിവിളിക്കുംമ്പോലെ....
നമ്മള്‍ പഴയൊരെഞ്ചുവടിയില്‍നിന്നു-
റങ്ങിയുണര്‍ന്നപോലെ....
ഓരോര്‍മ്മവന്നെന്നെ
മുടികോതിയുണര്‍ത്തുംപോലെ....
വെളുത്തു തിണര്‍ത്തൊരൊറ്റനാണയം -
അതിനകത്ത്
പഴയൊരു നിഷ്‌ക്കളങ്കത
എന്നെയാര്‍ദ്രമായ് നോക്കവെ.

കൊത്തങ്കല്ലാടിക്കളിച്ച പകലുകള്‍ ,
മഴക്കുതിപ്പേന്തിയൊഴുകുന്ന തോടുകള്‍ ,
മുറ്റത്തെ പൂഴിയില്‍
ചുടുമൂത്രം തളിച്ചുണര്‍ത്തിയ
കുഴിയാനകള്‍,
തീരാക്കഥകള്‍ ചിക്കി വിടര്‍ത്തിയ
ഉച്ചവെയിലോട്ടങ്ങള്‍,
മുറ്റത്തെ നെല്ലിന്
കാവല്‍ക്കിളികളായ് നമ്മള്‍

പാല്‍ക്കതിരീമ്പിവലിച്ചു-
നടന്നതോര്‍ക്കുന്നുവോ...
പാടത്തുനമ്മള്‍ രണ്ടു പച്ചക്കുതിരകള്‍

മിസ് വിമല മല്‍ഹോത്ര
ചുവന്ന സ്ലീവ്‌ലെസ്സില്‍ നിങ്ങടെ
ഇടം കൈത്തുടയിലെ
വെളുത്ത ഒറ്റനാണയം....
അതിലെ നിഷ്‌ക്കളങ്കത....
എനിക്ക് തലചുറ്റുന്നു...

വിമല....
നിങ്ങള്‍ക്ക്...
ഈ സ്ലീവ്‌ലെസ്സ് ഒട്ടും ചേരില്ല....

Saturday, February 26, 2011

ഒറ്റമുലച്ചികള്‍

ഒന്ന്.
ശൂര്‍പ്പണഖ
ഒറ്റമുല ചുരന്നു
മുറിച്ചുണ്ടുകൊണ്ട് 
കവിളിലുമ്മ പകര്‍ന്നു
ലക്ഷ്മണീ… എന്ന്
പെണ്മണിയെ 
പതുക്കെ പേരു വിളിച്ചു

അവള്‍ പിച്ചവെച്ച്
വളര്‍ന്നു തുടങ്ങി.

എനിക്കു പേടിയാകുന്നു ....
നീ മുലയും മൂക്കുമില്ലാതെ
പിറക്കേണ്ടിയിരുന്നു.

കാട്ടുചോലയില്‍ മുങ്ങിക്കുളിച്ച്
കാവിയും ശരങ്ങളുമായി
അവര്‍ ഇനിയും വരും…
നീ കരുതിയിരിക്കുക;

എയ്തു വീഴ്ത്തും
മാങ്കുല പോലെ നിന്‍ നെഞ്ച്,
ചമത മുറിക്കും
കത്തി കൊണ്ട് മൂക്ക്,
പ്രണയപ്പരിഭവച്ചുണ്ട്‌
നിന്‍ കാമത്തിന്‍ നേര്‍വാക്ക്.

ഇതളുകള്‍ വലിച്ചറുത്ത്
വിഷപരാഗണം കഴിയവെ
നീ പിന്നെ കന്യയല്ല.

ചോര വാര്‍ന്ന്
നിന്റെ പ്രണയം മരിക്കും.

ഇടിഞ്ഞു പൊളിഞ്ഞ
ഈ പെണ്ണുടലിലാണ്
നീ കുരുത്തത്.

എന്റെ ചോരവാര്‍ന്ന
ഈ മുലയും മൂക്കും
നിന്റെ പെണ്‍മുദ്രകളുടെ
കണ്ണുകളാക്കുമൊ .....?

രണ്ട്.

ചിലര്‍ വന്നു
ദാശരഥിയുടെ വരവഴിയും
ഒരമ്മയുടേയും വഴിവെട്ടവുമില്ലാതെ.  

കാടിന്റെ പച്ചകളഴിഞ്ഞു വീണു.
ആരോ വലിച്ചു കീറിയപോലെ
മേഖറൗക്കകള്‍
മലയുടെ വന്മുലകള്‍ക്കുംമേലെ
വെറുതെയുണങ്ങി.

മരവേര് വെയിലിട്ട് മൂപ്പിച്ച
കാട്ടുചോലയുടെ നീര്
ചോരകൊണ്ട് കലങ്ങി.

നിന്റെ കരിങ്കാമത്തിന്റെ
തായ്‌വേരറുത്ത്
അവര്‍ കടന്നുപോകവെ
കാറ്റാടികള്‍ നിന്ന് തിരിഞ്ഞു.

ചുരമിറങ്ങല്ലെ ചുരമിറങ്ങല്ലെ
കറുത്തമക്കളേ എന്ന്
ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട്
കാട്
ഒറ്റമുല ചുരന്നു.

Sunday, February 20, 2011

സ്വപ്നത്തിന്റെ ചോരപുരണ്ട സ്‌നാപ്പുകള്‍

പാതാക പുതച്ച്
ചുരം കടന്ന്
ഇന്നലെയും വന്നു
നാലഞ്ചു പെട്ടികള്‍.

മുറ്റത്തു നിലവിളികളുടെ
നെരിപ്പോടില്‍
തീ കുറുക്കി പെട്ടിതുറന്നു.

അറ്റുതൂങ്ങിയ കണ്ണില്‍
അവസാനത്തെ നിലവിളിയുടെ
പാതിമാഞ്ഞ ചിത്രം
വിറങ്ങലിച്ചു കിടന്നു

വിണ്ടുകീറിയ അതിരുകളിലെ
ആകാശം നോക്കി
മലര്‍ന്നു കിടക്കവെ
ആരോ ഇവനെ
തീ പടക്കങ്ങള്‍ കൊണ്ട്
എറിഞ്ഞുടച്ചതാണ്.

മുറ്റത്ത് അവനെ
പെറുക്കി നിറച്ച
പെട്ടിക്കു മുന്‍പില്‍
അവള്‍ അലമുറയിട്ടു.

വെന്തു ചിതറിയ നെഞ്ചില്‍
അവള്‍ ഉടഞ്ഞുപോയ
നാലഞ്ചു ചിത്രങ്ങള്‍ കണ്ടു.

ഒന്ന് ചോരയില്‍ മുങ്ങിയ
അവളുടെ തന്നെ
പ്രണയമുഖമായിരുന്നു.
പിന്നെ അവളുടെ കിടാവിന്റെ,
അമ്മയുടെ, അച്ഛന്റെ,
കൂട്ടുകാരുടെ
ചില ചിന്നിയ ചീളുകള്‍.

പിന്നെ...

തേച്ചുമിനുക്കി ചായമടിച്ച
അവന്റെ കിനാവീടിന്നു മുന്‍പില്‍ നിന്ന്
നാട്ടു വഴിയെ നടന്നു പോകുന്നവരോട്
കിന്നാരം പറയുന്ന
സ്വപ്നം കൊയ്ത
മറ്റൊരു സ്‌നാപ്പ്.

Sunday, February 13, 2011

ഗാനമേള

വയല്‍ക്കരയിലെ
തറവാട്ട് വീട്
പാതിരാനേരത്ത്
ഗാനമേളയ്ക്കിറങ്ങും.

ചീവീടുകളുടെ ചീ.. ചീ.. വിളിയും
തവളക്കരച്ചിലും
കാലന്‍കോഴികളുടെ
ചാവറിയിക്കലും

ഹമ്മോ...
ഞാന്‍ പേടിച്ച്
മൂത്രം പിടിച്ചു കിടക്കും.

കിഴക്ക് സൂര്യത്തല കാണും വരെ
ഇവറ്റകള്‍ അര്‍മാദിക്കും.

ഉച്ചവെയിലായാല്‍
ചേറില്‍ ചൊടിയനും, പരലും, മൊയ്യും*
കിടന്നു മയങ്ങുന്നതു കാണണം

വെയിലത്ത് തലകുമ്പിട്ട്‌ നില്‍ക്കും, പാടം.
പാട്ടില്ല... കൂത്തില്ല....
എവിടെപ്പോയ് ചീവിടുകള്‍ ?
ഇവറ്റങ്ങള്‍ക്ക് സൂര്യനെ പേടിയാണ്‌ .

അന്നൊരു മഴക്കാലം;
ഗാനമേളകളുടെ തിരുതകൃതിക്കാലം.
മരണം തലയ്ക്കുപിടിച്ച്
ഫ്‌ളോറിഡാന്റെ വിഷകോശങ്ങള്‍ക്കൊപ്പം
ഇഞ്ചിപ്പാത്തിക്കരുകില്‍
വേലന്‍തെയ്യന്‍ ആടിയമര്‍ന്നു.

മകളുടെ മംഗലപ്പിറ്റേന്ന്, അന്തിക്ക്
പാടത്തെ പഴമ്പനയില്‍ നിന്ന്
മാധവേട്ടന്‍ ജീവിതത്തെ തള്ളിയിട്ടു.

മറ്റൊരു പാതിരയ്ക്ക് രമേശന്‍ നായര്‍
ഗാനമേളകള്‍ക്കിടയില്‍
ബ്ലേഡുകൊണ്ട് സിരകളെ വെട്ടിത്തുറന്ന്‌
സ്വയമൊഴുകിപ്പോയി .

ഗാനമേള നിലച്ചില്ല
അന്ന് കൂടുതല്‍ ശോകഗാനങ്ങള്‍ പാടി.

ആണ്ടിലൊരിക്കല്‍
വിടിനൊപ്പം ഞാനും
ഗാനമേളകള്‍ തേടിയിറങ്ങാറുണ്ട്.
രാപ്പാട്ടുകള്‍ കേട്ട് നിലാവത്ത്
മലര്‍ന്ന് കിടക്കാറുണ്ട്.
കൈത്തോട് കൈതവാഴകളെ പുണര്‍ന്ന്
അടക്കം പറയുന്നത്
കേട്ട് കുറേ ചിരിച്ചിട്ടുണ്ട്.

ഇന്ന് പഴയ ചിരിയില്ല കളിയില്ല
എല്ലാവര്‍ക്കും ഓരോ തിരക്കായി.

മരണവീടിന്റെ മൗനം പേറി
പാലക്കോടന്‍,
പരുവപ്പുഴ
,
കരിക്കപ്പൊറ്റ...**

വയല്‍ക്കരയിലെ തറവാട്ടുവീട്
ഇപ്പൊള്‍ ഗാനമേളയ്ക്കിറങ്ങാറില്ല.

വയല്‍ക്കരയിലിപ്പൊ
എനിക്ക് തറവാട്ടു വീടേയില്ല,
വയലും.


* പാലക്കാടന്‍ ഞാറ്റുപാടത്തെ ഒരു തരം മീന്‍
** പാലക്കാട്ടുകാര്‍ സ്വന്തം വയലുകളെ ഇത്തരം പേരുകളിട്ട് വിളിക്കാറുണ്ട്, സ്വന്തം മക്കളെ പോലെ.
Related Posts Plugin for WordPress, Blogger...