എന്‍റെ കൂട്ടുകാര്‍

Sunday, April 17, 2016

ദൈവത്തിന്റെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം

കാക്കകളുടെ
ആല്‍മരത്തിലേക്ക്,
മയങ്ങിക്കിടക്കുന്ന കുളത്തിലേക്ക്,
ജനല്‍ ചില്ലിലേക്ക്,
പെട്ടെന്നൊരു
കല്ല്!

അച്ചനുമമ്മയും കുഞ്ഞും
ചെറുവണ്ടുപോലുള്ളകാറില്‍,
ഹെയര്‍പിന്‍ വളവു തിരിയവെ,
പെട്ടെന്നൊരു
ടിപ്പര്‍ ലോറി!

ഉച്ചയ്ക്കുറങ്ങവെ
പെട്ടെന്നൊരു
ഭൂമി കുലുക്കം!

ഹോ.. ഇങ്ങിനെ
എന്തെല്ലാം ആകസ്മികതകള്‍!

പക്ഷെ
അന്നൊരു ദിവസം
ഒരാകസ്മികതയുടെ
കഴുത്തിലേക്ക്
ഞാന്‍ വളരെ ശാന്തമായി
നിറയൊഴിച്ചു.
ഓരോ ഉണ്ടയും സാവധാനം
അതിന്റെ നീല ഞരമ്പിലേക്ക്
പെയ്തുതോര്‍ന്നപ്പോള്‍
അതു വറ്റിവരണ്ട്
സമാധിയായി!!!

അതില്‍പിന്നെയും
ചില ആകസ്മികതകള്‍
വന്നുംപോയുംമിരുന്നു....

ചില മലകളോടൊപ്പം ധ്യാനംകൂടുകയായിരുന്ന
കന്മദം കിനിയുന്നൊരു സന്ധ്യയില്‍
ആകസ്മികമെന്ന ഭാവത്തില്‍
ദൈവം പെട്ടെന്നു പ്രത്യക്ഷപ്പെട്ടു
വെളുക്കനെ ചിരിച്ചു.

സത്യം...
എനിക്ക് പ്രത്യേകിച്ചൊന്നും
തോന്നിയില്ല.

പക്ഷെ
ദൈവത്തിന് അതു വളരെ
ആകസ്മികമായനുഭവപ്പെട്ടെന്ന്
അദ്ദേഹം പിന്നീട്
എന്നോടു പറഞ്ഞു.

അങ്ങിനെ ചില ആകസ്മികതകള്‍
ആകസ്മികമായി അവസാനിക്കുന്നു.

3 comments:

  1. ഉയരത്തിൽ നിന്ന് നോക്കിയാൽ ഒന്നും ആകസ്മികമല്ല

    ReplyDelete
  2. ഹ ഹാ ....കവിത മനോഹരം നീലഞ്ഞരമ്പുള്ള ആക്സ്മികതയുടെ കഴുത്ത് വല്ലാതിഷ്ടപ്പെട്ടു..ഖസാക്കിന്റെ സുന്ദരി മൈമുനയുടെ കൈത്തണ്ട ഓർമ്മയിലേക്ക് പെരുത്ത് കയറി ,,കവിതക്കൊടുവിലെ ദൈവീക ഹാസ്യവും നന്നായി

    ReplyDelete
  3. ആകസ്മികതകള്‍ എന്നും
    ആകസ്മികമായി അവസാനിക്കുന്നു ...

    അത് ദൈവത്തിനായാലും മനുഷ്യനായാലും ശരി

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...