എന്‍റെ കൂട്ടുകാര്‍

Wednesday, March 11, 2009

മാഷ്‌




മാഷേ ........
അങ്ങ് എവിടെയാണ് .
എന്റെ സ്വപ്നങ്ങളില്‍
പാടവരമ്പത്തൂടെ
കണ്ണെത്താ ദൂരത്ത്
നടന്നുമറയും പോലെ ........

ഞാന്‍ വരുന്നു .
കൂടുകാരും വരും .

നഗ്നത നൂല്ക്കുന്ന ചര്‍ക്ക
പതിയെ തിരിക്കണം .
ഉച്ചവെയിലില്‍ നിന്നു
ഇറങ്ങി വരുന്ന
അപ്പൂപ്പന്‍ താടികളെ
കവിളേറ്റണം .
ഉച്ചക്കഞ്ഞിയുടെ ,
ചെറുപയര്‍ പുഴുക്കിന്റെ ,
ചട്ടകീറിയ എഞ്ചുവടിയുടെ
ഇടയിലോളിപ്പിച്ച
മയില്‍ പീലികളുടെ
ഏകാന്ത സൌന്ദര്യത്തിലേക്ക്
തിരികെ നടന്നെത്താനാമോ.

ചായം മങ്ങിയ ചുമരില്‍
മേഘമാലകളെയും രാജകുമാരനേയും
കിരീടമണിഞ്ഞ കിന്നര കന്യകളെയും
കാണാന്‍ ആകുമായിരുന്നു.

മണിയടിക്കും വരെ
പാടത്തു പരല്‍ തിരഞ്ഞ്
പുല്‌ക്കൊടിയിട്ടു ഞണ്ട് പിടിച്ച്‌ .....

മാഷേ ....
ഇന്ന്
അങ്ങയുടെ ചിതയറുതി കണ്ടു മടങ്ങുന്ന
അതെ സൂര്യന്റെ പകലറുതിയില്‍
തീയോടുങ്ങാ തലയുമായി
ഈ നഗര സന്ധ്യയില്‍
എന്റെ കാവ്യ ബലി .

ഒരു മരണ വീടിന്റെ മൌനം പേറി
ഇനി പഴയ പാഠശാല
അങ്ങയുടെ മെതിയടിയൊച്ച കേട്ടാല്‍
ഓടി ഒളിക്കാന്‍ ഇനി ആരും ഉണ്ടാകില്ല.
ചിലപ്പോള്‍ ആ പാഠശാല പോലും .

മാഷേ ഇതെന്തൊരു മരണമാണ്
ഒന്നും ബാക്കിവയ്ക്കാതെ.

വീണ്ടും കിനാവില്‍
ചോരയില്‍ കുളിച്ച മുഖവുമായി
അങ്ങ് ക്ലാസ് മുറിയിലേക്ക് വന്നു .
ഉള്ളില്‍ ഒരു നിലവിളി
ചിറകിട്ടടിച്ചു .

മുക്കാലന്‍ ബ്ലാക്ക്‌ ബോര്‍ഡില്‍
ഉടലുതാങ്ങി
പിന്നോട്ട് മറിയും മുന്‍പ്
അങ്ങ് പറഞ്ഞു
അടുത്ത പാഠം .....?
(രണ്ടാം തരത്തില്‍ എന്നെ പഠിപ്പിച്ച ജോണി മാഷിന്റെ ഓര്‍മയ്ക്ക് )

3 comments:

  1. This poetry is very good. By Anagha

    ReplyDelete
  2. Ente ullile vingalellam thudacheduthu, ennekkal nalla bashayil, vyakthamayi purathukonduvarunna ithu thanneyalle teleportation?

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...