എന്‍റെ കൂട്ടുകാര്‍

Monday, March 20, 2017

ജ്ഞാനോദയം


ഞാനിതേവരെ
നേരില്‍ കണ്ടിട്ടില്ല.....
ഇത്രകാലം
ചക്രംചവിട്ടി,
ഓരോ ഉഷ്ണരാശിയിലും,
ചോരതളിച്ചെന്നെ നട്ടുവളര്‍ത്തിയ
സ്വന്തം ഹൃദയത്തെ.
തൊട്ടുപോലും നോക്കീട്ടില്ല..
എന്റെ വൃത്തികേടുകള്‍
പൊറുത്തു തള്ളുന്ന കരളിനെ
കാണാനൊത്തിട്ടില്ല
നേരാ നേരങ്ങളില്‍
കനലുവേവിക്കുന്ന
ഉദരനെരിപ്പോടിനെ....
ഉരിള പിടിച്ചിട്ടില്ല
വിസ്‌ഫോടനങ്ങളുടെ
അണുക്കള്‍ നുരയ്ക്കുന്ന
തലയോട്ടിക്കുള്ളിലെ
ഒരുപിടിച്ചോറിനെ.
എനിക്കറിയില്ലയെന്നെ...
എന്നുറക്കെ കരഞ്ഞുകൊണ്ട്
ഒരു തുടം വിഷം കുടിച്ചിന്നലെ
ലഹരിയിലുറങ്ങിപ്പോയ്.
പകല്‍, ഛര്‍ദ്ദിയില്‍ മയങ്ങിപ്പോയ്
കണ്ണുതുറക്കവെ
അവള്‍ നിന്നു ജ്വലിക്കുന്നു.
മതി നിങ്ങളിനിയിതു മതിയാക്കിയില്ലെങ്കില്‍
ഞാനുമെന്റെ മോനും.....
എന്ന് അടഞ്ഞുപോയൊരൊച്ചയില്‍;
മുന്നില്‍ മുടിയഴിച്ചുഗ്രയായ് നില്‍ക്കവെ
അവളില്‍ഞാനെന്റെ വിശ്വരൂപം
കണ്ടമ്പരന്നുപോയ്.....
ദൈവമേ... ഇതാ...
എന്റെ ചോരതളിക്കുന്ന യന്ത്രം
എല്ലാം പൊറുക്കും കരള്‍...
മസ്തകത്തില്‍ കണ്ണീര്‍പാറ്റി നില്‍ക്കുന്നു
രണ്ടു സൂര്യക്കണ്ണുകള്‍!!!
കണ്ടു ഞാന്‍... നിന്നെ...
നീയെന്ന എന്നെ...

1 comment:

  1. ഞാനിതേവരെ
    നേരില്‍ കണ്ടിട്ടില്ല.....
    ഇത്രകാലം
    ചക്രംചവിട്ടി,
    ഓരോ ഉഷ്ണരാശിയിലും,
    ചോരതളിച്ചെന്നെ നട്ടുവളര്‍ത്തിയ
    സ്വന്തം ഹൃദയത്തെ.

    ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...