എന്‍റെ കൂട്ടുകാര്‍

Monday, November 26, 2012

ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി

സീന്‍ ഒന്ന് :
ബസ് വന്നു നിന്നു
ഒരു പതിനേഴുകാരി മാത്രം ഇറങ്ങി.
സ്റ്റോപ്പിലുണ്ടായിരുന്ന എല്ലാവരും കയറി.
ബസ് പോയി...

പെട്ടെന്ന്
വഴിവിളക്കുകള്‍ ഒരുമിച്ചു കെടുന്നു.
ഇരുളുറ ധരിച്ചൊരു രാത്രി
താഴ്‌വരയില്‍ വന്ന് നിറയുന്നു...
കൈതത്തോട്ടത്തിനരികിലെ
വയല്‍വെള്ളത്തില്‍ നിലാവിന്റെ
നേര്‍ത്ത ചില്ലുകള്‍ മിന്നുന്നു.....
ചീവീടുകളുടെ ഈര്‍ച്ചപ്പെരുക്കം...

കറന്റുവന്നു...

നാട്ടു കവലയില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന
രാത്രിയിലേക്ക്
ഒറ്റയ്ക്ക് ബിസ്സിറങ്ങിയ
പാവം പൊട്ടിപ്പെണ്ണെന്ന് കളിപറഞ്ഞ്....
വഴിവിളക്കുകള്‍
ഇപ്പോള്‍ വീണ്ടും കത്തുന്നു.

കട്ട്...!!

വഴിവിളക്കുകള്‍ ഒരുമിച്ചുകെട്ടതും
ഒരു പെണ്‍നിലവിളി
നിങ്ങള്‍ കേട്ടുവൊ...?
ഇതെവിടെനിന്നുവന്നുവെന്ന്
അവളും ഞാനും ഒരുമിച്ചിരുന്നു ചിന്തിച്ചു...

നാട്ടില്‍ രാത്രി കറന്റുപോകുന്നത്
പുതിയ വല്ല സംഭവവുമാണൊ ?
ഇതുവരെ ആരും മുറിക്കാത്ത,
പൊക്കിള്‍ക്കൊടിയായിരുന്നല്ലൊ
ഇവള്‍ക്കീ നാട്ടുവഴി....!!

പതിനേഴുകാരി ബസ്സിറങ്ങിയതിലേക്ക്
നീ നിന്റെ പേനയെ ഉദ്ധരിച്ചുകേറ്റല്ലെയെന്ന്
കളിപറഞ്ഞു ചിരിച്ചുകൊണ്ട്
അന്ന് രാത്രി
വീട്ടിലേക്കവള്‍
ഇരുട്ടുവകഞ്ഞ്, വയല്‍കടന്ന്
ഒറ്റക്ക് നടന്നുപോയി.
Related Posts Plugin for WordPress, Blogger...