എന്‍റെ കൂട്ടുകാര്‍

Sunday, June 28, 2009

ഒരു ലൈംഗിക തൊഴിലാളിയുടെ....


അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.

പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്‌.

സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്‌. . . .

അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.

ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.

"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌.

പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കി കൊല്ലുന്നവളാണ്‌. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിന്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."

അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്‌".


Sunday, June 21, 2009

നഗര വീട്‌



എന്നെ നോക്കി
കൊഞ്ഞനം കുത്തല്ലേ
വീടേ....

ഒരു കൈതരാമൊ
ദാ. . . ഞാനൊന്നു
പിടിച്ചു കേറിക്കോട്ടെ
ഈ ഞണ്ടിറുക്കിച്ചേറില്‍ നിന്ന്‌

നീ കളിനിര്‍ത്തിപ്പോയത്‌ ഞാനറിഞ്ഞില്ല.
പന്ത്രണ്ടാം നിലയില്‍
അയയില്‍ ഉണക്കാനിട്ട തുണികള്‍ക്കിടയില്‍
നീ കണ്ണുപൊത്തിക്കളിക്യാ. . . ?
എന്നെക്കൊണ്ടാവില്ല
നിന്നെ പിടിക്കാന്‍;
ഇങ്ങിനെ തോളേക്കേറി
ഗോവിന്ദ കളിക്കാന്‍;
ഞാനിവിടിരിക്കാം
തലകുമ്പിട്ട
കുറ്റിമരങ്ങള്‍ക്കിടയില്‍.

കൊക്കിവായന്‍ തെണ്ടി
എന്നെ ഒറ്റ നെരത്തങ്ങട്‌ നെരത്യാ
പിന്നെ നീ കൈ തന്നാലും
പിടിക്കാന്‍ ഞാനിണ്ടാവില്ല.

നിനക്കു വേണ്ടിയാ
ഈ ഹുണ്ടിക - എന്‍റെ ചോര.

നീ എന്‍റെ മനസ്സിലുണ്ട്‌.
നിന്നിലെ ഇരുപ്പുമുറിയില്‍
എന്‍റെ കവി സുഹൃത്തുക്കള്‍,
പഠനമുറിയില്‍ എന്‍റെ പിള്ളേര്,
അടുക്കളേല്‍ അവടെ പാത്രക്കലമ്പല്‌ . . .

ഇങ്ങിനെ സ്വപ്നം കാണുമ്പോഴായിരിക്കും
വാടകക്കാരന്‍ വന്ന്‌ വാതിലുമുട്ടുക.

എല്ലാം കണ്ട്‌ വെറുതെ കരയും
എന്‍റെ വാടക വീട്‌.
പാവം. . .

Sunday, June 7, 2009

കൊല്ലപ്പണിക്കാരന്റെ മകന്‍


എന്റെ ഉലയിലുയിര്‍ക്കുന്നു
മരണ മൂര്‍ച്ചകള്‍
‍അച്ഛാ....
നമ്മുക്കീ ബലിക്കണ്ണടയ്ക്കാം.
ഒരുമിച്ച്‌ ഇനിയൊരല്‍പ്പം പ്രാര്‍ത്ഥന....

മൂര്‍ച്ച;
നിനക്കെന്നും മണ്ണിന്‍ മദമിളക്കും
കലപ്പതന്‍ വരള്‍ നാവ്‌,
കന്‍മദങ്ങളുടെ ചൂരുതേടും
കട്ടപ്പാരതന്‍ കൂര്‍മുഖം,
ചേറുമറിക്കും തൂമ്പ,
കൊയ്ത്തരിവാള്‍ ചുണ്ട്‌,
സാലഭഞ്ജികകള്‍തന്‍
ഉടലുഴിയും ഉളിക്കൈ ചൊറുക്ക്‌.

പൊന്നരിവാളമ്പിളിക്കാലം
ഓര്‍ക്കവെ നിന്‍ സ്വപ്നങ്ങള്‍ക്ക്‌
ഇപ്പോഴും രതിമൂര്‍ച്ച.
ഇരുമ്പിന്‍റെ
ഉരുണ്ട തലകള്‍
ചുട്ടു തല്ലി
നിന്റെ മനോധ്യാനവും
മൂര്‍ച്ചിച്ചു കൊണ്ടേയിരുന്നു.

ഉലയില്‍ തണുത്ത മൌനം
ഉലാത്തു തുടങ്ങിയ ഒരു വറുതിക്കാലം.
കലാപത്തിന്‍റെ കനലുകോരി
കൊല്ലക്കുടികളെ
മാനഭംഗപ്പെടുത്തിയത്‌ ഞാനാണ്‌.
ഒരു നാള്‍
ഉലകളുടെ കൂട്ടനിലവിളി കേട്ട്‌
ആയുധപ്പുരയില്‍ ബന്ധനസ്ഥനായി
നീ....

ഒരു കഠാരത്തുമ്പത്ത്‌
ഭയന്നുവിറച്ച്‌
പുത്തന്‍ കൈകളില്‍
വാക്കത്തികുലയ്ക്കുകയാണ്‌
ഞാന്‍.....


മുംബൈ കവിതാസമിതിയുടെ "നഗരകവിത-രണ്ടായിരത്തിയേഴ്‌"-ല്‍ സമാഹരിക്കപ്പെട്ടത്‌.

Related Posts Plugin for WordPress, Blogger...