എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Saturday, May 26, 2012

ഡേര്‍ട്ടി പിക്ചര്‍

ക്യാമറയ്ക്കു മുന്‍പില്‍
മുണ്ടും ജാക്കറ്റുമിട്ട്
മുറ്റമടിക്കരുത്.

അരിയാട്ടരുത്.

ടീ ഷര്‍ട്ടിട്ട്
സൈക്കിള്‍ ചവിട്ടരുത്.

മേലോട്ട് കണ്ണുനട്ട്
ഒന്നും കുനിഞ്ഞെടുക്കരുത്.

കുത്തുകാലില്‍
മലര്‍ന്ന് കിടക്കരുത്.

കണ്ണടച്ച് ആകാശത്തേക്ക് നോക്കി
നെഞ്ചുകൂര്‍പ്പിച്ച്
മൂരി നിവരരുത്.

ഇനി നീന്റെ നീലജാക്കറ്റില്‍
ശ്വാസം മുട്ടിമരിക്കാന്‍
എന്റെ യൗവനവും കൂടി തരില്ല...

പണ്ടെന്റെ കൗമാരവുംകൊണ്ടൊരുത്തി
തൂങ്ങിച്ചത്തത് ഞാന്‍ മറന്നിട്ടില്ല.

ആത്മാവിന്റെ ചന്ദ്രോത്സവങ്ങളില്‍ നിന്ന്
ഒന്നുംപറയാതെ
അവളൊറ്റപ്പോക്കായിരുന്നല്ലോ....

എന്നിട്ടെന്തുണ്ടായി....
ഞങ്ങടെ അരക്കെട്ടില്‍
ആലുമുളച്ചില്ല.

മൂടാതെ കിടന്ന വാരിക്കുഴികളില്‍
വീണുകൊണ്ടെയിരുന്നു
പിന്നെയും പല പിടിയാനകള്‍.

ഞങ്ങടെ തടിപിടിക്കാന്‍,
താലമെടുക്കാന്‍,
കെട്ടിയെഴുന്നെള്ളിക്കാന്‍...

വിശുദ്ധ സ്മിതേ...
നീ മരിച്ചിട്ടും
നിന്റെ ടൂപ്പീസിനിടയിലെ
അണിവയറിന്റെ....,
മറ്റേടത്തെ...
ഡേര്‍ട്ടി സ്റ്റോറി അവസാനിക്കുന്നേയില്ല....
Related Posts Plugin for WordPress, Blogger...