എന്‍റെ കൂട്ടുകാര്‍

പോസ്റ്റുകള്‍ ഇമെയിലില്‍ കിട്ടാന്‍

Sunday, April 24, 2011

പന്ത്രണ്ടു നിലകളുള്ള ഒരു മരം 1.
പത്താം നിലയില്‍
ഇന്നലെ ഒരാള്‍ തൂങ്ങിമരിച്ചു.
മരിക്കുമ്പോള്‍
അയല്‍വീട്ടിലെ ശീലാവതിക്ക്
മുന്ന് മാസമായിരുന്നു.

ശവമടങ്ങി
ഗര്‍ഭമലസി.

ജാരരാത്രികളുടെ
തണുതണുത്ത
ഉറകള്‍ക്കുള്ളില്‍
തട്ടാതെ പൊട്ടാതെ
വാസ്തു പിന്നെയും
ഉറങ്ങി.

2.

ഒരു ദിവസം
നേരംവെളുത്തപ്പോള്‍
താഴെ ഒരു നഗ്നനക്ഷത്രം
അടര്‍ന്നു വീണിരിക്കുന്നു.

ഗന്ധര്‍വ്വന്മാര്‍
കൂട്ടത്തോടെ ഒളിവില്‍പോയി.
കുരച്ചുകൊണ്ടോടിയ പോലീസ് നായ
വാട്ടര്‍ടാങ്കില്‍ വീണ് മുങ്ങിച്ചത്തു.
തുറിച്ച കണ്ണിലെ നിലവിളി വായിക്കാതെ
കാക്കികള്‍ നായയെ സെല്യൂട്ടു ചെയ്തു.

3.
അതിവൃഷ്ടിയില്‍
മുകള്‍ നില അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു.

ഭൂമികുലുങ്ങിയപ്പോള്‍
സ്വയം മുറുകെ പിടിച്ച്
ഞങ്ങള്‍ ഇറങ്ങിയോടി.
നിബിഢ വാസ്തുക്കളുടെ
വേരുകളുടെ നിലവിളികേട്ട്
അന്ന് തെരുവുകള്‍ ഞെട്ടിവിറച്ചു.

4.
മുറിവുകളില്‍ സിമന്റിട്ടടച്ച്
ഇതളുകളില്‍ ചായം പൂശി
പിന്നെയും നിന്നു
വാസ്തു.

മഞ്ഞപൂതലിച്ച പിത്തച്ചിരിയുമായി
ജാലകക്കണ്ണുകള്‍ രാത്രിയെ
തുറിച്ചുനോക്കി.

ജനം കലങ്ങിമറിഞ്ഞൊഴുകുന്ന
നഗര നദിക്കരെ
കടപുഴങ്ങാതെ
വാസ്തു കഥപറഞ്ഞുനിര്‍ത്തുമ്പോള്‍ ...

ദൂരെ ദൂരെ
ഒരു കാട്ടില്‍
കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടി
മേഘങ്ങളുടെ യൗവനത്തെ
ഉദ്ധരിക്കുകയായിരുന്നു.

11 comments:

 1. ദൂരെ ദൂരെ
  ഒരു കാട്ടില്‍
  കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
  ആകാശത്തേക്ക് കൈകള്‍ നീട്ടി
  മേഘങ്ങളുടെ യൗവനത്തെ
  തൊട്ടുണര്‍ത്തുകയായിരുന്നു.

  ReplyDelete
 2. സന്തോഷ്‌ പല്ലശന ഇവിടെയില്ല :(

  ReplyDelete
 3. “ജാരരാത്രികളുടെ തണുതണുത്ത ഉറകള്‍ക്കുള്ളില്‍
  തട്ടാതെ പൊട്ടാതെ വാസ്തു പിന്നെയും ഉറങ്ങി...”

  അതെ എല്ലാത്തിനും സാക്ഷിയായി വാസ്തുവുണ്ടായിരുന്നൂ‍ൂ‍ൂ!

  ReplyDelete
 4. ഈ കവിത റീപോസ്റ്റ് ആണോ..? മുമ്പ് വായിച്ചതായോർക്കുന്നു.

  ReplyDelete
 5. ജുനാ: ഞമ്മടെ കവിതയില്‍ ഞമ്മളെ തിരയുന്ന ഞമ്മടെ സ്വന്തം ജുനാ.

  മുരളിയേട്ടാ: നന്ദി

  മൊയ്ദീന്‍ : ഈ കവിത നേരത്തെ ബൂലോക കവിത ബ്ലോഗില്‍ ഇട്ടിരുന്നു. അത് പിന്നീട് ഇവടെ ശേഖരിച്ചു വച്ചു എന്നു മാത്രം.

  ReplyDelete
 6. വാസ്തുവിനെതിരെ പടയൊരുക്കം കൊള്ളാം

  ReplyDelete
 7. കവിത ഒക്കെ കൊള്ളാം പക്ഷെ എനിക്ക് ഇപ്പോഴും ഇഷ്ട്ടം ദി റോഡ്‌ ടൂ ചര്ച്ച് ഗേറ്റ് ........

  ReplyDelete
 8. അനങ്ങാപാറ ഈ മനസ്സ്..

  ReplyDelete
 9. കവിയൂര്‍ജീ: വാസ്തു = വീട്, കെട്ടിടം എന്ന അര്‍ത്ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വായനയ്ക്ക് നന്ദി.

  മൈ ഡ്രീമ്‌സ്: രുചി കൂടിയും കുറഞ്ഞുമിരിക്കും.... വീട്ടിലെ കറികള്‍ എല്ലാം അമ്മ വയ്ക്കുന്ന കറികള്‍... :)

  യൂസ്ഫ്പ: ഏട്ടാ നന്ദി.

  ReplyDelete
 10. Great!!!
  മറ്റൊന്നും പറയാന്‍ ഇല്ല.

  ReplyDelete
 11. ദൂരെ ദൂരെ
  ഒരു കാട്ടില്‍
  കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
  ആകാശത്തേക്ക് കൈകള്‍ നീട്ടി
  മേഘങ്ങളുടെ യൗവനത്തെ
  ഉദ്ധരിക്കുകയായിരുന്നു.
  ------------------
  നല്ല ഭാവന സന്തോഷ്‌.

  ReplyDelete

നിങ്ങളും ഒരു അഭിപ്രായം പറയൂ....നല്ലൊരു ചര്‍ച്ചയ്ക്ക്‌ അതൊരു വഴിമരുന്നായെങ്കിലൊ... ???

Related Posts Plugin for WordPress, Blogger...