എന്‍റെ കൂട്ടുകാര്‍

Saturday, April 3, 2010

തീപ്പിണ്ഡം

ഇന്നലെയോളം
ഈ തെരുവിന്‍റെ മുലക്കണ്ണ്‌
എന്‍റെ ചോരച്ചുണ്ടുകളില്‍
ചുരന്നു കിടന്നിരുന്നു.


ഇരുണ്ട ഒടവുകളില്‍ കിടന്ന്‌
കുപ്പത്തൊട്ടികളുടെ വറ്റാത്ത കനിവുണ്ട്‌‌.
പൊട്ടിയ ജലധമനികളിലെ
വെള്ളം കുടിച്ച്‌,
നഗരയോടകളുടെ സംഗീതം കേട്ട്‌...


പെട്ടെന്നാണ്‌
അരിച്ചാക്ക്‌ വീണ്‌ ചിതറിയപോലെ
ഒരു മനുഷ്യന്‍റെ തലച്ചോറ്‌
എന്‍റെ മുഖത്തുവന്നടിച്ചത്‌.
നഗരഗലികളില്‍ തീയട്ടഹസിച്ചത്‌.
തെരുവ്‌ മലര്‍ന്നടിച്ചു വീണത്‌.


എന്‍റെ കുഷ്ഠം പിടിച്ച
കൈപ്പത്തിയെ ചവിട്ടിമെതിച്ച്‌
ജനം പരക്കം പാഞ്ഞത്‌.


ഇപ്പോള്‍
ലോറികേറി ചതഞ്ഞ
ഒരു പ്രാവിന്‍റെ തിരുജഢം പോലെ
തെരുവ്‌.


കരിമരുന്നും പച്ചമാംസവും കുഴഞ്ഞ്‌
തന്തൂരിയടുപ്പുപോലെ
നടപ്പാത.


"കറുത്ത ഗംഗേ...
ഈ വിശപ്പിന്‍റെ കൂരയില്‍ നിന്ന്‌
എന്നെ അടരാതെ കാക്കണേ...


തെരുവേ...
തീ കണ്ട്‌ പേടിച്ച്‌
ചുരന്ന പാല്‌ നീ
തിരികെ വലിക്കല്ലെ...


ഇവിടെ നിന്ന്‌
ഇനിയുമെവിടേക്ക്‌
എന്നെ
പടിയടച്ച്‌
പിണ്ഡം വയ്ക്കുന്നു നീ.. "
Related Posts Plugin for WordPress, Blogger...