
ഒരു വെയില് വന്ന് നില്‍പ്പുണ്ട്.
ഏകാന്തതയില്‍
ഒഴുകി നടക്കുകയായിരുന്നു
ഞാന്‍ വന്നു കയറുമ്പോള്‍
മുത്തി.
ആരാ മനസ്സിലായോ....
കേക്ക്ണ്ണ്ടോ...
കൊച്ചുമോനാ....
എവിടേ.....
ഓര്‍മ്മകളുടെ ശ്മശാനത്തില്‍നിന്ന്
ഏറെ ദൂരം നടന്ന്
മുത്തി വന്നു...
വിത്തിന്റെ മഴക്കണക്ക്,
ഞാറ്റുവേലകളുടെ വഴിക്കണക്ക്,
നാട്ടുമരുന്ന്, ഊത്ത് മന്ത്രം,
യക്ഷികളുടെ ചുടല നൃത്തം
എല്ലാം നിനക്കോര്‍മ്മയുണ്ടോ...
പെറ്റ ചാപിള്ളകള്‍ ,
നോറ്റ നാവോറുകള്‍
എത്രയെന്ന് നീ പറയുമോ.....?
എന്റെയോര്‍മ്മ എന്നേ മരിച്ചു...
തലതല്ലി ചാകുമേ ഞാനെന്ന്
ഒരു മഴ.
രൗദ്രതാളത്തില്‍ ഇടംവലംചുറ്റി
ഒരു കാറ്റ്
വിളറിവെളുത്ത് ഒന്നും മിണ്ടാതെ
വീട്.
നീ പോയതിന്റന്ന്
കഥകളൊക്കെ കൊട്ടിയടച്ചു.
എന്റെ ഓര്‍മ്മത്തെറ്റാണ്
ഈ മഴ
ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
ഈ വേനല്‍.
എന്റെ പകര്‍ന്നാട്ടമാണ്
ഈ വൃഷ്ടിദോഷങ്ങള്‍
തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക്കുമില്ലാതെ
കുറെ പുരാവൃത്തങ്ങള്‍
മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.