
പാതാക പുതച്ച്
ചുരം കടന്ന്
ഇന്നലെയും വന്നു
നാലഞ്ചു പെട്ടികള്‍.
മുറ്റത്തു നിലവിളികളുടെ
നെരിപ്പോടില്‍
തീ കുറുക്കി പെട്ടിതുറന്നു.
അറ്റുതൂങ്ങിയ കണ്ണില്‍
അവസാനത്തെ നിലവിളിയുടെ
പാതിമാഞ്ഞ ചിത്രം
വിറങ്ങലിച്ചു കിടന്നു
വിണ്ടുകീറിയ അതിരുകളിലെ
ആകാശം നോക്കി
മലര്‍ന്നു കിടക്കവെ
ആരോ ഇവനെ
തീ പടക്കങ്ങള്‍ കൊണ്ട്
എറിഞ്ഞുടച്ചതാണ്.
മുറ്റത്ത് അവനെ
പെറുക്കി നിറച്ച
പെട്ടിക്കു മുന്പില്
അവള് അലമുറയിട്ടു.
വെന്തു ചിതറിയ നെഞ്ചില്‍
അവള് ഉടഞ്ഞുപോയ
നാലഞ്ചു ചിത്രങ്ങള്‍ കണ്ടു.
ഒന്ന് ചോരയില്‍ മുങ്ങിയ
അവളുടെ തന്നെ
പ്രണയമുഖമായിരുന്നു.
പിന്നെ അവളുടെ കിടാവിന്റെ,
അമ്മയുടെ, അച്ഛന്റെ,
കൂട്ടുകാരുടെ
ചില ചിന്നിയ ചീളുകള്‍.
പിന്നെ...
തേച്ചുമിനുക്കി ചായമടിച്ച
അവന്റെ കിനാവീടിന്നു മുന്പില് നിന്ന്
നാട്ടു വഴിയെ നടന്നു പോകുന്നവരോട്
കിന്നാരം പറയുന്ന
സ്വപ്നം കൊയ്ത
മറ്റൊരു സ്നാപ്പ്.