
ഉടലൊഴുക്കുണ്ട്
ഒരു വേനലിലും വറ്റാത്ത
ഈ ജീവപ്പരപ്പിന്
എന്തൊരാഴം
കൂട്ടി വായിച്ചിട്ടുണ്ടോ
ഈ ജന(ജല)രാശിയെ
അതിന്റെ ചുഴലി തിരിഞ്ഞ
ഒഴുക്കിനെ
അപ്പോഴൊക്കെ
ഇറുകിയ ടോപ്പിനുള്ളില്‍ നിന്ന്
പുറത്തേക്ക് മുദ്രവച്ച
ഏതെങ്കിലും മുലകളില്‍
കണ്ണിടറി കാലുതെറ്റി വീഴും
ഒടുവില്‍
ഞാന്‍ ഒലിച്ചു പോകും
കൊഴുത്ത നിതംബത്തിന്റെ
പിന് നിഴല്‍ ചവിട്ടി
വീട്ടിലേക്ക്
വായനാമുറിവിട്ട്
ഈ നദിയെ വായിക്കാന്‍ വന്നതാണ്
തോറ്റുപോയി
ഇറങ്ങി വരൂ ഈ നദിയിലേക്ക്
നമുക്ക് സ്വയം തുഴയാം
വറ്റാത്ത ഈ ഉടലുറവകള്‍ കണ്ട്
പണ്ടെങ്ങോ പാടിയപോലെ
പഴുത്ത പുണ്ണുകള്‍
പുകമൂടിയ വീടുകള്‍
രേതസ്സിന്റെ മണം മുറ്റിയ തെരുവുകള്‍ എന്ന്
ഇനിയും നാണം കെടുത്തരുതേ
ആട്ടിത്തെളിക്കുന്നത്
ഏതറവുപുരയിലേക്കെന്ന്
അലറിവിളിക്കരുതേ
കരയല്ലേ കരയല്ലേ നഗരമേയെന്ന്
ശബ്ദമില്ലാതെ
ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്