
ഇലകളില്‍
ഇരുള് വെന്തു തുടങ്ങി.
ജനലഴികള്‍ വരെ വളര്‍ന്ന
ഒരു ബോണ്‍സായി
പെട്ടെന്നനാഥനായി.
ചെറുമരങ്ങള്‍ പറഞ്ഞു
ഞങ്ങടെ വിശപ്പാറിയില്ല സൂര്യാ...
നെറുകയില്‍ തൊട്ടു തലോടി
നിന്നിരുന്നതാണല്ലൊ നീ
ആരോടും പറയാതെ
പെട്ടെന്ന്..
ഈ നട്ടുച്ചയെ കെടുത്തിവച്ച്....
ലാവകള്‍ കിനിഞ്ഞു കിനിഞ്ഞ്
മുഴക്കത്തോടെ ഒരു പര്‍വ്വതം
പൊട്ടിക്കരയുന്നത് നീ കണ്ടോ...
ലാവക്കുഞ്ഞുങ്ങള്ക്ക്
നിന്റെ അതേ ഛായ
അതേ രൂപം
ഞങ്ങടെ വാക്കുകളില്‍
അവ വന്ന് ആളി നിവരുന്നത്
നീ കാണുന്നുണ്ടൊ...
ഹേ സൂര്യാ...
* അകാലത്തില്‍ മരണമടഞ്ഞ മുംബൈ സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ തേജസ്സാര്‍ന്ന വ്യക്തിത്വം ശ്രീ സി. വി. ശശീന്ദ്രന്റെ ഓര്‍മ്മക്ക്.