
അവളെ പത്രക്കാര്
കാത്തിരുന്നു.
താഴ്വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.
അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്. . . .
സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്.
പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്.
സ്വപ്നത്തില്‍
കഴുകന്മാര് കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്. . . .
അയ്യോ. . . ഞാനുപേക്ഷിച്ച
എന്റെ തന്നെ . . .
അവള് നിലവിളിച്ചുകൊണ്ടോടി.
ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള് അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.
"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്വിരിക്കുന്നവളല്ല.
ഉടല് ശവമാക്കി ആസക്തികള്‍ക്ക് ഊടുവയ്ക്കുന്നവളാണ്.
പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കി കൊല്ലുന്നവളാണ്. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിന്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."
അവള് കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്".