എന്‍റെ കൂട്ടുകാര്‍

Monday, November 9, 2009

ഉപ്പ്‌



ഓമനേ...
നീയൊരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്‌
നീലക്കണ്ണും
തുടുത്ത ഉടലും
സ്വര്‍ണ്ണമുടിയുമുള്ളവള്‍.

കുതറിനീന്തി
കുതറിനീന്തി...
മെല്ലെ - മെല്ലെ
പളുങ്കുചില്ലില്‍
ചുണ്ടുരുമ്മി
ഒരു അക്വേറിയത്തിനടിവാരത്ത്‌.

ഏയ്‌...
ഒന്നു നില്‍ക്കു ....

മറന്നുവോ നീ;
ഉപ്പുകാറ്റിണ്റ്റെ വീട്‌,
പവിഴപ്പുറ്റ്‌,
കാക്കപ്പൊന്ന്‌ ചിതറി,
നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
ആഴിതന്നണിവയര്‍ ചുളിവ്‌
അന്തിയില്‍ സൂര്യന്‍റെ
ചോര കലങ്ങും നീര്‌.

നീയൊക്കെയും മറന്നുവെന്നോ
കടല്‍ ഇപ്പോള്‍ ഏറെ ദൂരെയാണ്‌.
നിന്നെക്കാണാതുരുകുന്നുണ്ടാം
തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
വെയിലേറ്റു മരിച്ചിട്ടുണ്ടാം
നിന്നെ കുരുക്കിയ വലക്കണ്ണുകള്‍.

എന്‍റെ കൈപിടിച്ച്‌
തിരികെ നടന്നെത്താനാമോ ...
എങ്കില്‍ പതുക്കെ...
ഇരുള്‍മറപറ്റി
ഈ അഭിസാരത്തെരുവുകടന്ന്‌
അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
തിരക്കൈ പിടിച്ച്‌
എന്നെ പുണര്‍ന്നു നിന്ന്‌
നാം നമ്മുടെ ഉപ്പിലേക്കുതന്നെ
മെല്ലെ...... മെല്ലെ......

*മുംബയ്‌ തെരുവില്‍ വച്ച്‌ ഒരിക്കല്‍ കണ്ടുമുട്ടിയ ഒരു നിശാനര്‍ത്തകിയുടെ ഓര്‍മ്മയ്ക്ക്‌
Related Posts Plugin for WordPress, Blogger...